അന്‍വറിനെ സമ്മര്‍ദത്തിലാക്കി കോണ്‍ഗ്രസ്; അനുനയിപ്പിച്ച് ലീഗ് നേതാക്കള്‍, ഇന്ന് നിര്‍ണായക പ്രഖ്യാപനം

നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഇടഞ്ഞ പി.വി. അന്‍വറിനെ സമ്മര്‍ദത്തിലാക്കി കോണ്‍ഗ്രസ് നേതൃത്വം. യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്ന കാര്യവും അന്‍വര്‍ തീരുമാനിക്കട്ടെയെന്നും യുഡിഎഫ് നിലപാട് അതിനുശേഷം പറയാമെന്നും സതീശന്‍ പറഞ്ഞു. അന്‍വറിന്റെ സമ്മര്‍ദങ്ങള്‍ക്കുവഴങ്ങേണ്ടെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്.
ഷൗക്കത്താണ് സ്ഥാനാര്‍ഥിയെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂരില്‍ മത്സരിക്കുമെന്നാണ് അന്‍വറിന്റെ ഭീഷണി. യുഡിഎഫ് പ്രവേശനകാര്യത്തില്‍ രണ്ടുദിവസംകൂടി കാക്കുമെന്നും ഉണ്ടായില്ലെങ്കില്‍ മത്സരിക്കുമെന്നുമാണ് മുന്നറിയിപ്പ്. പിന്നാലെ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെക്കണ്ട് അന്‍വര്‍ ചര്‍ച്ച നടത്തി. ചൊവ്വാഴ്ച രാത്രി പി.വി. അബ്ദുള്‍വഹാബിന്റെ വീട്ടില്‍ അന്‍വറിനെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തതായാണ് വിവരം. ലീഗ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങള്‍ക്ക് പിന്നാലെ ഇന്ന് രാവിലെ ഒമ്പത് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അന്‍വര്‍ അറിയിച്ചിട്ടുണ്ട്. യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുമോ അതോ മത്സരത്തിനിറങ്ങുമോ എന്ന തന്റെ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പ്രഖ്യാപിക്കും.
ചൊവ്വാഴ്ച രാവിലെ കാരത്തോട്ടെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തി അന്‍വര്‍ 15 മിനിറ്റോളം ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ. സലാമും ഉണ്ടായിരുന്നു. നിലവിലെ പ്രശ്നങ്ങള്‍ കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞുവെന്നും തുടക്കംമുതലേ തന്റെ രാഷ്ട്രീയനിലപാടുകളോട് സൗഹൃദസമീപനം സ്വീകരിച്ചവരാണ് ലീഗും കുഞ്ഞാലിക്കുട്ടിയുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അന്‍വര്‍ പ്രതികരിച്ചു.
നിലമ്പൂരില്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള നിലപാട് പിന്നീട് പറയും. അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കുമെന്ന കെപിസിസി മുന്‍ പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയുണ്ടല്ലോ എന്ന ചോദ്യത്തിന് ഭാഗമാക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി എന്ന പരിഹാസസ്വരത്തിലുള്ള മറുപടിയും അന്‍വര്‍ നല്‍കി.
എന്നാല്‍ ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാനോ അന്‍വറിന്റെ കൂടെ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വരാനോ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. പിന്നീട് ആര്യാടന്‍ ഷൗക്കത്ത് പാണക്കാട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി അന്‍വര്‍ ചില പ്രശ്നങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അത് യുഡിഎഫ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രതികരിച്ചു.
അന്‍വര്‍ എല്ലാ ഘടകകക്ഷികളെയും കാണുന്നതിന്റെ ഭാഗമായാണു സന്ദര്‍ശിച്ചത്. ലീഗിന് മധ്യസ്ഥന്റെ റോളില്ല. പ്രശ്നങ്ങള്‍ യുഡിഎഫിലെ എല്ലാവരുംകൂടി പരിഹരിക്കണം.യുഡിഎഫിന് മികച്ച വിജയം നിലമ്പൂരിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, അന്‍വറിനെ അനുനയിപ്പിക്കാന്‍ കോഴിക്കോട് ഡിസിസിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായി. എന്നാല്‍, ഡിസിസി ഭാരവാഹികള്‍ ഒതായിയില്‍ അന്‍വറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് വി.ഡി.സതീശന്‍ നിലപാടെടുത്തു.
Content Highlights: PV Anvar faces pressure nilambur by election