നിലമ്പൂരില്‍ മത്സരിക്കാൻ അൻവർ; യുഡിഎഫ് പ്രവേശനത്തിന് അവസാനവട്ട സമ്മര്‍ദവുമായി തൃണമൂൽ

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിച്ചേക്കും. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി. അന്‍വര്‍ മത്സരിക്കണമെന്ന് വ്യാഴാഴ്ച മഞ്ചേരിയില്‍ ചേര്‍ന്ന തൃണമൂല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം, വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റിചേര്‍ന്ന് ചര്‍ച്ചചെയ്തശേഷമേ ഇതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി.വി. അന്‍വറും തൃണമൂല്‍ നേതാക്കളും യോഗത്തിന് ശേഷം പ്രതികരിച്ചു.
തങ്ങളെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നതാണ് പി.വി. അന്‍വറിന്റെയും തൃണമൂലിന്റെയും ആവശ്യം. ഇതിനായുള്ള അവസാനവട്ട സമ്മര്‍ദമാണ് പി.വി. അന്‍വറിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലൂടെ പുറത്തുവരുന്നത്. യുഡിഎഫ് ഘടകകക്ഷിയാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തൃണമൂല്‍ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്ത് എന്നല്ല, യുഡിഎഫ് നിര്‍ത്തുന്ന ഏത് സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കാമെന്ന് ആയിരംവട്ടം പറഞ്ഞതാണെന്നും അതിലെന്താ കണ്‍ഫ്യൂഷന്‍ എന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പി.വി. അന്‍വറിന്റെ പ്രതികരണം.
''അങ്ങനെ കണ്‍ഫ്യൂഷനുണ്ടെന്നുള്ള നരേഷന്‍ യുഡിഎഫ് നേതാക്കളുണ്ടാക്കുന്നുണ്ട്. ഏത് ചെകുത്താനായാലും സമ്മതിക്കുമെന്നാണ് ഞാന്‍ അവസാനം പറഞ്ഞത്. പക്ഷേ, നമ്മളെ കക്ഷിയാക്കണ്ടേ. നമ്മളെ ഘടകകക്ഷിയാക്കുമെങ്കില്‍ മാത്രമേ ഇനി സംസാരമുള്ളൂ. അങ്ങനെയാണ് ഇന്നത്തെ തീരുമാനം. മത്സരിക്കണോ വേണ്ടയോ എന്നത് നാളത്തെ ചര്‍ച്ചയില്‍ തീരുമാനിക്കും.
യുഡിഎഫിലെ ചിലയാളുകള്‍ക്ക് ദുഷ്ടചിന്തകളുണ്ടെന്ന് ബോധ്യപ്പെട്ടു. ഇനി അബദ്ധത്തില്‍ ചാടരുതെന്നാണ് സെക്രട്ടേറിയറ്റിലെ പൊതുധാരണ. യുഡിഎഫിലെ ചില ആളുകളില്‍ അവിശ്വാസ്യത അനുഭവപ്പെട്ടിട്ടുണ്ട്. ഒളിച്ചിരുന്നുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. സ്വകാര്യതയില്‍ ഇതുവരെ ചര്‍ച്ചചെയ്തു. അതിലെ വിശ്വാസം നഷ്ടപ്പെട്ടു. അതിനാല്‍ പൊതുവായുള്ള ചര്‍ച്ചയേ ഇനിയുള്ളൂ, പി.വി. അന്‍വര്‍ പറഞ്ഞു.
തൃണമൂലിനെ യുഡിഎഫ് ഘടകകക്ഷി ആക്കുന്നതില്‍ എന്താ കുഴപ്പമെന്നും പി.വി. അന്‍വര്‍ ചോദിച്ചു. ഒരു പ്രവാസി അസോസിയേഷന്‍, രണ്ടാളുകളും ഒരു കമ്പ്യൂട്ടറുമുള്ള പാര്‍ട്ടി ഇതില്‍ ഘടകകക്ഷിയാണ്. കേരളത്തിലെ പൊതുസമൂഹത്തിന് പോലും അറിയില്ല ഈ സംഘടനയേക്കുറിച്ച്. അവര്‍പോലും ഘടകകക്ഷിയാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളെ ഘടകകക്ഷിയാക്കാത്തതെന്ന് വിശദീകരണം തരണമെന്നും അദ്ദേഹം പറഞ്ഞു.
പി.വി. അന്‍വര്‍ മത്സരിക്കണോ എന്നതില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന കണ്‍വീനറെ ചുമതലപ്പെടുത്തിയതായി തൃണമൂല്‍ നേതാക്കളും പ്രതികരിച്ചു. യുഡിഎഫിന്റെ ഘടകകക്ഷിയാക്കുമെന്ന പ്രഖ്യാപനമുണ്ടായാല്‍ ഷൗക്കത്തിന്റെ വിജയത്തിനുവേണ്ടി അന്‍വര്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തിക്കും. അതാണ് തങ്ങളുടെ ആഗ്രഹമെന്നും നേതാക്കള്‍ പറഞ്ഞു.
Content Highlights: PV Anvar may contest the Nilambur by-election if Trinamool Congress isn`t made a UDF constituent