നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്; ആശംസകളുമായി വി.എസ്. ജോയിയും; യുഡിഎഫ് കിക്കോഫ്

ആര്യാടന്‍ ഷൗക്കത്ത്, വി.എസ്. ജോയ് | Photo: Mathrubhumi News & facebook.com/adv.vsjoy
ആര്യാടന്‍ ഷൗക്കത്ത്, വി.എസ്. ജോയ് | Photo: Mathrubhumi News & facebook.com/adv.vsjoy

മലപ്പുറം:  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന, ദേശീയ നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് നല്ലൊരു വിജയമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. രണ്ടുതവണയായി നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കാനും പിതാവ് ആര്യാടന്‍ മുഹമ്മദ് മൂന്നരപ്പതിറ്റാണ്ട് കാലം നിലമ്പൂരിലുണ്ടാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായും ഈ അവസരം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''എന്റെ പാര്‍ട്ടിയും യുഡിഎഫും നിലമ്പൂരില്‍ മത്സരിക്കുന്നതിനായി ഒരവസരം തന്നിരിക്കുന്നു. ഇത് എനിക്ക് വ്യക്തിപരമായി ലഭിച്ചതല്ല. മലപ്പുറത്തെ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരുടെയും എല്ലാവരുടെയും പിന്തുണയോടെയും ഐക്യത്തോടെയും കോണ്‍ഗ്രസ് എനിക്ക് തന്ന അവസരമാണ്. ഇത് നല്ലരൂപത്തില്‍ വിനിയോഗിച്ച് കൊണ്ട് ഐക്യത്തോടെ മുന്നോട്ടുപോയി നല്ലൊരു ഭൂരിപക്ഷത്തില്‍ വിജയിക്കും. രണ്ടുതവണയായി നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കാനും എന്റെ പിതാവ് മൂന്നരപ്പതിറ്റാണ്ട് കാലം നിലമ്പൂരിലുണ്ടാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ചെയ്യുന്നതിനും ഇത് ഉപയോഗപ്പെടുത്തും. 

ഏകദേശം ഒരു പതിറ്റാണ്ടോളം കാലം നിലമ്പൂരിലുണ്ടായ വികസനമുരടിപ്പും കേരളത്തിലെ ദുരിതപൂര്‍ണമായ നിലവിലെ അവസ്ഥയുമെല്ലാം ചര്‍ച്ച ചെയ്തുകൊണ്ട്, ഇതിനുള്ള കൃത്യമായ പ്രതിവിധിയെന്നനിലയില്‍ ഈ തിരഞ്ഞെടുപ്പില്‍ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

എന്നെപ്പോലെ പലരും ഇവിടെ മത്സരിക്കാന്‍ അര്‍ഹതയുള്ളവരും യോഗ്യതയുള്ളവരുമാണ്. പക്ഷേ, എല്ലാവര്‍ക്കും മത്സരിക്കാനാകില്ല. ഒരാള്‍ക്കേ മത്സരിക്കാനാകൂ. ആര് സ്ഥാനാര്‍ഥിയായാലും ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു.  അത് പറഞ്ഞതുമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ ബാധ്യസ്ഥരാണെന്ന് നേരത്തെ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നല്ലരീതിയില്‍ ചെയ്തിട്ടുണ്ട്. അടുത്തകാലത്ത് നിലമ്പൂരിലുണ്ടായ തിരഞ്ഞെടുപ്പ് വിധികള്‍ പരിശോധിച്ചാല്‍ നിലമ്പൂരില്‍ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടായി. അതൊക്കെ വിജയത്തിന് തുണയാകും. പാര്‍ട്ടിയുടെ സംസ്ഥാന, ദേശീയ നേതൃത്വം എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് അവര്‍ നല്‍കിയ വിശ്വാസം അനുസരിച്ച് നല്ല വിജയമുണ്ടാക്കാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോകും. അതിന് എല്ലാപ്രവര്‍ത്തകരുടെയും പിന്തുണയുണ്ടാകണം'', ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. 

ആശംസകളുമായി വിഎസ് ജോയ്...

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ആര്യാടന്‍ ഷൗക്കത്തിന് ആശംസകളുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് ആര്യാടന് ആശംസകളറിയിച്ചത്. 

''നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യൂ ഡി എഫ് സ്ഥാനാര്‍ത്ഥി ശ്രീ.ആര്യാടന്‍ ഷൗക്കത്തിന് അഭിവാദ്യങ്ങള്‍'' എന്നാണ് വി.എസ്. ജോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നേരത്തേ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ സാധ്യതപട്ടികയില്‍ വി.എസ്. ജോയിയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. നിലമ്പൂരില്‍ വി.എസ്. ജോയിയെ മത്സരിപ്പിക്കണമെന്നായിരുന്നു മുന്‍ എംഎല്‍എ പി.വി. അന്‍വറിന്റെയും അഭിപ്രായം. 

Content Highlights: nilambur byelection aryadan shoukath vs joy response