യു. ഷറഫലി അടക്കമുള്ളവർ സ്ഥാനാർഥി പരിഗണനയിൽ: നിലമ്പൂരിൽ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം

മലപ്പുറം: നിലമ്പൂരിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോൾ താരവും സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ് മുൻ പ്രിൻസിപ്പൽ തോമസ് മാത്യു, നിലമ്പൂർ ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരാണ് സിപിഎം പരിഗണനയിൽ ഉള്ളതെന്നാണ് വിവരം. വിജയസാധ്യതയുള്ള മറ്റു സ്വതന്ത്ര സ്ഥാനാർഥികളേയും പരിഗണിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ പൂർണമായും സ്വതന്ത്ര പരീക്ഷണം ഉപേക്ഷിക്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം വിപി അനിൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുന്നത്. പ്രാഥമിക ഘട്ടത്തിൽ യു. ഷറഫലി, തോമസ് മാത്യു, ഡോ. ഷിനാസ് ബാബു എന്നവിരാണ് പാർട്ടിയുടെ പരിഗണനയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.
സ്വതന്ത്ര പരീക്ഷണത്തിലുള്ള അതൃപ്തി കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ഉയർന്നെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ എല്ലാവർക്കും അംഗീകരിക്കാൻ പറ്റിയ, പാർട്ടി പ്രവർത്തകർക്ക് സ്വീകാര്യനായ ഒരു സ്വതന്ത്രനെ പരിഗണിക്കണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നാണ് സൂചന. മലപ്പുറത്ത് സിപിഎമ്മിന്റെ സ്വതന്ത്ര പരീക്ഷണങ്ങളിൽ പലതും ഫലം കണ്ടിരുന്നു. ഇതേരീതി തന്നെ വീണ്ടും തുടരാനാണ് സാധ്യത.
നിലമ്പൂർ തിരിച്ചുപിടിക്കാൻ കോൺഗ്രസും കടുത്ത ശ്രമത്തിലാണ്. കോൺഗ്രസും സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ചർച്ചകളിലാണ്. ഡിസിസി പ്രസിഡന്റ് ജോയിക്കാണ് നിലവിൽ മുൻഗണന.
Content Highlights: nilambur by election cpm candidate