പന്നിക്കെണി സ്ഥാപിച്ചവര്‍ കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍: പ്രതികള്‍ സ്ഥിരം പ്രശ്‌നക്കാരെന്ന് പോലീസ്

നിലമ്പൂര്‍: നിലമ്പൂരില്‍ പത്താംക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെണിവെച്ചവര്‍ കസ്റ്റഡിയില്‍. പ്രദേശവാസികളായ രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇവര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. വെള്ളക്കട്ട സ്വദേശി വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇവര്‍ സ്ഥലത്തെ പ്രധാനപ്രശ്‌നക്കാരാണ് എന്ന് പോലീസ് പറഞ്ഞു.
വിനീഷാണ് മുഖ്യ പ്രതി. കുഞ്ഞുമുഹമ്മദ് രണ്ടാം പ്രതിയാണ്. കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പോലീസിനോട് പറഞ്ഞതായാണ് വിവരം. നേരത്തെയും വിനീഷ് സമാനമായ രീതിയില്‍ പന്നിയെ പിടികൂടിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വില്‍പനയ്ക്കായാണ് ഇയാള്‍ പന്നികളെ ഇത്തരത്തില്‍ പിടികൂടിയിരുന്നത് എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ഇതേ വിവരങ്ങളാണ് നാട്ടുകാരും പങ്കുവെക്കുന്നത്. വിനീഷും കുഞ്ഞുമുഹമ്മദും നാട്ടിലെ സ്ഥിരം കുറ്റവാളികളാണ്. എട്ടുമാസം മുമ്പ് സമാനമായ രീതിയില്‍ ഒരു തെങ്ങുകയറ്റ തൊഴിലാളി മരിച്ചിരുന്നു. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് ഇയാളും മരിച്ചത്. പ്രദേശത്ത് മിക്കയിടങ്ങളിലും ഇവര്‍ ഇത്തരം കെണികള്‍ വെച്ചിട്ടുണ്ടെന്നും ഇതില്‍ വീഴുന്ന മൃഗങ്ങളെ വിറ്റ് കാശാക്കുന്നതാണ് ഇവരുടെ സ്ഥിരം പരിപാടിയെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം, ലഹരിക്ക് അടിമകളായ ഇവര്‍ ഏതുരീതിയില്‍ പ്രതികരിക്കും എന്ന ഭയത്തില്‍ പോലീസില്‍ പരാതിപ്പെടാന്‍ പോലും നാട്ടുകാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്നലത്തെ സംഭവത്തോടെ നാട്ടുകാര്‍ കാര്യങ്ങള്‍ പോലീസുമായി പങ്കുവെച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിനീഷിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്ത് വരികയായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് പ്രതി കുറ്റം സമ്മതിച്ചത് എന്നാണ് വിവരം.
Content Highlights: nilambur boar trap accident death in nilambur two men arrested kerala police malappuram