നിലമ്പൂരിലെ കുട്ടിയുടെ മരണം; സ്വകാര്യവ്യക്തി നിയമലംഘനം നടത്തിയതിന് ഞങ്ങളെ പഴിക്കരുത് - കെഎസ്ഇബി

തിരുവനന്തപുരം: നിലമ്പൂരില്‍ പന്നിക്കുവെച്ച വൈദ്യുതക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. നിലമ്പൂരില്‍ നടന്നത് വൈദ്യുതി മോഷണമാണെന്നും ഒരു സ്വകാര്യവ്യക്തി ചെയ്ത നിയമലംഘനത്തിന് കെഎസ്ഇബിയെ പഴിപറയുന്നത് വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും കെഎസ്ഇബി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
അപകടം നടന്ന സ്ഥലത്ത് രാത്രിതന്നെ നാട്ടുകാരുടെ സാന്നിധ്യത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുന്നതും സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുന്നതുമായ വീഡിയോ അടക്കമാണ് കെഎസ്ഇബി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
''സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് നിലമ്പൂര്‍ വഴിക്കടവില്‍ മൂന്നു കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരു കുട്ടി മരണമടയുകയും ചെയ്ത ദാരുണമായ അപകടമുണ്ടായത്. കെഎസ്ഇബിയുടെ സിംഗിള്‍ ഫേസ് ലൈനില്‍ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയര്‍ ഉപയോഗിച്ചും, ചിലയിടത്ത് ഇന്‍സുലേഷനില്ലാത്ത കമ്പികള്‍ ഉപയോഗിച്ചും ലൈന്‍ വലിച്ചിരിക്കുകയായിരുന്നു.
തോട്ടിലൂടെ വലിച്ച വയറില്‍ നിന്നും മീന്‍ പിടിക്കുന്ന കുട്ടികള്‍ക്കാണ് അപകടം സംഭവിച്ചത്. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവത്കരണം നടത്താറുള്ളതാണ്. കാര്‍ഷിക വിള സംരക്ഷണത്തിനായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ അപേക്ഷ നല്‍കി അനുമതിയോടെയുള്ള വൈദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ.
ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് IS 302276 (1999) സെക്ഷന്‍ 76 പാര്‍ട്ട് 2 പ്രകാരം ഇംപള്‍സ് ജനറേറ്റര്‍ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഫെന്‍സ് എനെര്‍ജൈസേഴ്‌സ് മാത്രമേ ഉപയോഗിക്കാവൂ.
വൈദ്യുത വേലികള്‍ക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003-ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1) (e) പ്രകാരം നിയമവിരുദ്ധവും 3 വര്‍ഷംവരെ തടവും, പിഴയും, രണ്ടുംകൂടിയോ ചുമത്താവുന്ന കുറ്റമാണ്.
സ്വകാര്യ വ്യക്തി/ വ്യക്തികള്‍ കാട്ടിയ നിയമലംഘനത്തിന് കെഎസ്ഇബിയെ പഴി പറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണ്.''
Content Highlights: nilambur boar trap accident was cause by illegal activity of a single person says kseb