നെയ്യാറ്റിൻകരയിൽ ജപ്തിക്കിടെ നാടകീയ രംഗങ്ങൾ; മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കുടുംബം

#സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊറ്റാമത്ത് കോടതി ഉത്തരവ് പ്രകാരം വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പോലീസ് സംഘത്തിനും മുന്നിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കുടുംബാംഗങ്ങൾ. 65 വയസ്സുള്ള ഫ്ലോറൻസും മക്കളും ഉൾപ്പെടെ ഏഴ് അംഗങ്ങൾ താമസിക്കുന്ന അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വീടിനുള്ളിൽ കയറി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ, പാറശ്ശാല സിഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘവും ഫയർഫോഴ്സും താൽക്കാലികമായി നടപടികൾ നിർത്തിവച്ച് മടങ്ങി.

27 വർഷങ്ങൾക്ക് മുമ്പ് ചികിത്സാ ആവശ്യത്തിനായി പാറശ്ശാല സ്വദേശിയായ ജെയിംസ്, തമിഴ്‌നാട് സ്വദേശിയായ മോഹൻദാസ് എന്ന ഫിനാൻസ് ഉടമയിൽ നിന്ന് 1,60,000 രൂപ കടം വാങ്ങിയിരുന്നു. വീടും സ്ഥലവും ഈട് നൽകിക്കൊണ്ടാണ് വായ്പ എടുത്തത്. പല തവണകളായി 10 ലക്ഷത്തോളം രൂപ തിരിച്ചടച്ചതായാണ് കുടുംബം അവകാശപ്പെടുന്നത്. പത്ത് വർഷം മുമ്പ് ജെയിംസ് മരണപ്പെട്ടതിന് ശേഷം മോഹൻദാസ് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.

കോടതി വിധിയുമായി എത്തിയ മോഹൻദാസിനോട് 17 ലക്ഷം രൂപ നൽകാമെന്ന് ജെയിംസിന്റെ മകൾ അറിയിച്ചെങ്കിലും അദ്ദേഹം പിന്മാറാൻ തയ്യാറായില്ല. വീട്ടമ്മയെയും മക്കളെയും നിർബന്ധപൂർവ്വം ഒഴിപ്പിക്കാൻ ശ്രമിച്ചതായാണ് ആരോപണം. വീട്ടുകാർ സമയം ചോദിച്ചെങ്കിലും കോടതി അധികൃതർ നടപടികളുമായി മുന്നോട്ട് പോയതോടെയാണ് കുടുംബാംഗങ്ങൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. നിലവിൽ പോലീസ് സംഘം സ്ഥലത്ത് നിന്ന് പിൻവാങ്ങിയെങ്കിലും ഏത് നിമിഷവും വീട് നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഈ കുടുംബം.

Content Highlights: A family in Neyyattinkara threatened suicide during a court-ordered house eviction.