വരൂ, നമുക്ക് സ്വപ്നങ്ങളെ സഫലമാക്കാം; വികസനം വേണം, അത് ഇങ്ങനെയാവണം

കേരളം സഫലമായ ഏഴു പതിറ്റാണ്ടു പിന്നിടുന്നു. ഭാവിയിലേക്കുള്ള പ്രയാണത്തിൽ, പരമ്പരാഗത രീതികളിൽനിന്നും വ്യത്യസ്തമായ കാഴ്ചപ്പാടോടെ പുതുയുഗകേരളം കെട്ടിപ്പടുക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.
വികസനം വേണം; അത് ഇങ്ങനെയാവണം
എല്ലാവരെയും ചേർത്തുനിർത്തുന്നതാണ് പുതുയുഗ കേരളം. ഭൂമിശാസ്ത്രപരമായ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയുള്ളതാകണം വികസനമെന്നതാണ് കാഴ്ചപ്പാട്. പരിസ്ഥിതിയെ ദുർബലപ്പെടുത്തുന്നതോ മനുഷ്യരുടെ ജീവിതത്തെയും ഉപജീവനത്തെയും തകർക്കുന്നതോ ആയ വികസനം കേരളത്തിലുണ്ടാകില്ല.
കടലോളം മുന്നേറ്റം
600 കിലോമീറ്റർ കടൽത്തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 19 നോൺ മേജർ തുറമുഖങ്ങളുമുണ്ട്. സമുദ്രസമ്പത്തും അനുബന്ധമേഖലകളും പ്രയോജനപ്പെടുത്തി വലിയ സാമ്പത്തികമുന്നേറ്റത്തിന് നമുക്ക് വഴിയൊരുക്കണം. അതിനുള്ള സ്വപ്നപദ്ധതിയണ് മിഷൻ സമുദ്ര. കേരളത്തെ ഒരു തുറമുഖനഗരമാക്കി മാറ്റുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. 2031-ഓടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. റോഡിലൂടെയുള്ള ചരക്കുനീക്കത്തിന്റെ അൻപതു ശതമാനമെങ്കിലും കടൽവഴിയാക്കണം. രണ്ടാം ഘട്ടത്തിൽ ക്രൂയിസ് ഷിപ്പിങ്ങും മൂന്നാം ഘട്ടത്തിൽ നദികളെ സംയോജിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാര മേഖലയുടെ അനന്തസാധ്യതകളും പ്രയോജനപ്പെടുത്തും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ പ്രധാന ഏവിയേഷൻ ഹബ്ബാക്കി മാറ്റുകയും വേണം.
പഠനം കേമമാവണം; ചികിത്സ നിഷേധിക്കപ്പെടരുത്
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നമുക്ക് മികച്ച നേട്ടങ്ങളുണ്ടാക്കാൻ കഴിയും. നമ്മുടെ കുട്ടികൾക്ക് കേരളത്തിൽത്തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കാനും ഇവിടെത്തന്നെ ജോലിചെയ്യാനും കഴിയണം. അതോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽനിന്നും വിദ്യാർഥികൾ പഠനത്തിനായി കേരളത്തിലെത്തണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും കാലഘട്ടത്തിന് അനുയോജ്യമായ പ്രോഗ്രാമുകളും മാറുന്ന തൊഴിൽസാഹചര്യത്തിന് അനുസരിച്ചുള്ള തൊഴിൽപരിശീലനങ്ങളും സംസ്ഥാനം സജ്ജമാക്കും. പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്തുകയും ചികിത്സാച്ചെലവ് കുറയ്ക്കുകയും വേണം. പണമില്ലാത്തതിന്റെപേരിൽ ആർക്കും ചികിത്സ നിഷേധിക്കപ്പെടരുത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ നിക്ഷേപസൗഹൃദ സാഹചര്യം ഉറപ്പാക്കും. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ പരിചരണത്തിന്റെയും പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റും.
പ്രായമായവരുടെ; കൈപിടിക്കണം
പ്രായമായവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ചേർത്തുനിർത്തണം. ഒറ്റപ്പെട്ടുപോകുന്നവർക്കും പരിചരണവും സംരക്ഷണവും ആവശ്യമുള്ളവർക്കും മതിയായ പിന്തുണ നൽകണം. അതിനുവേണ്ടിയാണ് രാജ്യത്ത് ആദ്യമായി നമ്മുടെ സംസ്ഥാനം മുതിർന്നപൗരർക്കുള്ള വകുപ്പ് രൂപവത്കരിച്ചത്. വയോജനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നതിനൊപ്പം വിവിധ മേഖലകളിലുള്ള അവരുടെ വൈദഗ്ധ്യംകൂടി പ്രയോജനപ്പെടുത്തുന്ന സിൽവർ ഇക്കോണമിയാണ് നമ്മുടെ ലക്ഷ്യം.
സാധാരണക്കാരെ; ചേർത്തുപിടിക്കും
പ്ലാനിങ്ങിൽനിന്നു വൻകിട പദ്ധതികളിലേക്ക് സർക്കാരുകൾ മാറിയപ്പോൾ അവഗണിക്കപ്പെട്ട പട്ടികജാതി-വർഗ വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെയുള്ള സാധാരണക്കാരെയും ഈ സർക്കാർ ചേർത്തുപിടിക്കും. ഇതിന്റെ ഭാഗമായാണ് പട്ടികജാതി-വർഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പ്രത്യേക ഭവനപദ്ധതി ആരംഭിച്ചത്.
Content Highlights: Focus on sustainable development without harming the environment or human livelihoods., Mission Samudram aims to transform Kerala into a major port city and create thousands of jobs by 2031., Enhancing global standards in education and ensuring affordable healthcare for all., Introducing the Silver Economy to support senior citizens and utilize their expertise., Special housing schemes and support for marginalized communities, Scheduled Castes, Scheduled Tribes, and fishermen.