സംവാദത്തിന് തീയതി കുറിച്ച് ശിവൻകുട്ടി, മറ്റൊരു ദിവസമാകാമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നേമത്തെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് എൻ.ഡി.എ. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി.ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖർ തയ്യാറാണെങ്കിൽ 29-ന് രാവിലെ 10 മുതൽ ഉച്ചവരെ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്ന് വി.ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, 29-ന് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിനാൽ ആ ദിവസം പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് മുൻകൂട്ടി കണ്ടാണ് ശിവൻകുട്ടി സംവാദത്തിനു ക്ഷണിച്ചത്. 29-ന് സംവാദത്തിനു ക്ഷണിച്ചത് ശിവൻകുട്ടിയുടെ അടവാണെന്നും മറ്റൊരു ദിവസമാകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
നേമത്ത് നിലവിലെ എം.എൽ.എ. വികസന പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തേ പറഞ്ഞിരുന്നു. തുടർന്നാണ് കഴിഞ്ഞ അഞ്ചുവർഷത്തെയും ബി.ജെ.പി. കാലത്തെയും വികസനങ്ങൾ താരതമ്യപ്പെടുത്തി മന്ത്രി പത്രസമ്മേളനം നടത്തിയത്. ഇതിനിടെയാണ് സംവാദത്തിനു വെല്ലുവിളിച്ചത്. ശിവൻകുട്ടി ആളുകളെ വിഡ്ഢിയാക്കുകയാണ്. മറ്റൊരുദിവസം തീരുമാനിച്ചാൽ തീർച്ചയായും വികസനസംവാദത്തിന് തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.