‘മകനെ കണ്ടെത്തണം’; നീതി തേടി കോസ്റ്റൽ സ്റ്റേഷന് മുന്നിൽ കണ്ണീരോടെ ഒരമ്മയുടെ പ്രതിഷേധം

കൊല്ലം: വള്ളം മറിഞ്ഞ് ഏഴുദിവസംമുൻപ് കടലിൽ കാണാതായ മകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച് അമ്മ രേഷ്മ.
ഇവരുടെ ഭർത്താവ് രാധാകൃഷ്ണനും അച്ഛൻ രാജീവനും മകൻ ഗൗതം കൃഷ്ണയും കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നീണ്ടകര അഴിമുഖത്ത് വള്ളംമറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. രാധാകൃഷ്ണന്റെയും രാജീവന്റെയും മൃതദേഹങ്ങൾ കിട്ടിയെങ്കിലും ഗൗതം കൃഷ്ണയുടെ വിവരങ്ങളൊന്നുമില്ല. വെള്ളിയാഴ്ച രാവിലെമുതൽ കൂടുതൽ സജ്ജീകരണങ്ങളോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന ഉറപ്പിലാണ് ഇവർ പ്രതിഷേധമവസാനിപ്പിച്ചത്.
ഗൗതം കൃഷ്ണയെ കണ്ടെത്താൻ നാവികസേനയുടെ സഹായം ലഭ്യമാക്കിയിട്ടില്ലെന്നും വ്യോമനിരീക്ഷണം പേരിനുമാത്രമാണെന്നും നേരത്തേതന്നെ ബന്ധുക്കൾ പരാതിയുന്നയിച്ചിരുന്നു. ഒരേ കുടുംബത്തിലെ മൂന്നുപേർ അപകടത്തിൽപ്പെട്ടിട്ടും അധികൃതരാരും ഇവരെ ഫോണിൽപോലും ബന്ധപ്പെട്ടില്ലെന്നും ആക്ഷേപമുണ്ടായി. ഗൗതമിന്റെ സുഹൃത്തുക്കൾ ഇതിനിടെ സ്വന്തം നിലയിൽ തിരച്ചിൽ തുടർന്നെങ്കിലും പ്രയോജനമുണ്ടായില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ ഉണ്ടാകാതെവന്നതോടെയാണ് രേഷ്മ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തിയത്.
സി.ഐ.ഡി. ഗോപിയെ കണ്ടു സംസാരിച്ചെങ്കിലും മറുപടിയിൽ തൃപ്തയല്ലാത്തതിനാൽ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്നറിയിച്ച് പുറത്ത് കുത്തിയിരുന്നു. നീണ്ടകര പഞ്ചായത്ത് അംഗം നിജാ അനിലും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കൊല്ലം എ.സി.പി. എസ്. ഷാജി, കരുനാഗപ്പള്ളി എ.സി.പി. തുടങ്ങിയവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ തിരച്ചിൽ ഊർജിതമാക്കാൻ ധാരണയായി. ഇതോടെയാണ് രേശ്മ രണ്ടുമണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചു മടങ്ങിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം പ്രശ്നത്തിൽ ഇടപെട്ടു. വെള്ളിയാഴ്ച രാവിലെ ആറുമുതൽ ഡ്രോൺ പരിശോധന നടത്തും. നാവികസേനയുടെ സഹകരണവും ഉറപ്പുനൽകി. അഴിമുഖത്തിനു പടിഞ്ഞാറ് അപകടമുണ്ടായ സ്ഥലത്ത് മുങ്ങൽ വിദഗ്ധരും പരിശോധനയിൽ പങ്കെടുക്കും. മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ, സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജയമോഹൻ തുടങ്ങിയവരും നാട്ടുകാരും രേഷ്മയ്ക്ക് പിന്തുണയുമായെത്തിയിരുന്നു.
Content Highlights: A mother protests at Neendakara Coastal Station demanding urgent search operations for her missing son after a boat capsized.