‘സുഹൈൽ മദ്യപിച്ച് വണ്ടിയോടിച്ചു, സ്കൂട്ടറിലിടിച്ച് മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി’; കുരുക്കായി ഓഡിയോ സന്ദേശം

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേർ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിന് കുരുക്കായി ശബ്ദരേഖ. സുഹൃത്തായ ജോയൽ തന്റെ ഫോണിൽ അയച്ച ശബ്ദരേഖ തെളിവായി പോലീസ് കോടതിയിൽ സമർപ്പിച്ചു. പ്രതികളുടെ ജാമ്യം എതിർത്തുകൊണ്ടാണ് പോലീസ് തെളിവുകൾ സമർപ്പിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് ജോയൽ. അപകടസമയത്ത് ജോയലും മിനി കൂപ്പർ കാറിലുണ്ടായിരുന്നു.
സുഹൈൽ മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ചു. വരുന്ന വഴിക്ക് കാർ സ്കൂട്ടറിൽ ഇടിച്ചുതെറിപ്പിച്ചു. മൂന്നുപേർ മരിച്ചു. പേടിച്ച് വിറച്ചുപോയി, ഞങ്ങൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാരെത്തിയപ്പോൾ സുഹൈൽ വാപ്പ നോക്കുമെന്ന് പറഞ്ഞതായും പോലീസ് ഫോണിൽ കണ്ടെത്തിയ ശബ്ദരേഖയിലുണ്ട്.
പ്രതികളുടെ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതിയിൽ വാദം തുടരുകയാണ്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് കോടതിയിൽ അറിയിച്ചിട്ടുണ്ട്. പ്രതി സ്ഥിരമായി അമിതവേഗതയിൽ വാഹനമോടിക്കുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. മൂന്ന് പേർ മരിച്ച കാര്യം പ്രതികൾ സുഹൃത്തിനെ അറിയിച്ചു. സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണ് തുടങ്ങിയ കാര്യങ്ങളും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം എഫ്.ഐ.ആറിൽ പ്രതികളുടെ പേര് പറയുന്നില്ല. തെളിവില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. കേസിന്റെ ക്ലൈമാക്സ് നേരത്തെ തീരുമാനിച്ചിരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. തുടർന്നാണ് പ്രതികൾ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്.
Content Highlights: Police submitted a crucial voice note from co-accused Joel against primary accused Suhail Sajeev., The audio confirms drunk driving, overspeeding, and fleeing the accident spot where three people died., Police strongly opposed the bail plea in the Sessions Court, stating it sends a wrong message to society., Defense argues lack of evidence in the FIR for culpable homicide.