കൺസൾട്ടിങ് റൂമിൽ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ പീഡനശ്രമം; സീനിയർ ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയായ യുവ ഡോക്ടർക്ക് നേരെ സീനിയർ ഡോക്ടറുടെ ഭാഗത്തുനിന്ന് ലൈംഗിക അതിക്രമം ഉണ്ടായതായി പരാതി. സംഭവത്തിൽ സീനിയർ ഡോക്ടറായ ഡോ. വിനുവിനെതിരെ പോലീസ് കേസെടുത്തു.
കൺസൾട്ടിങ് റൂമിൽ പഠനസംബന്ധമായ കാര്യങ്ങൾ നടക്കുന്നതിനിടെ സീനിയർ ഡോക്ടർ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അതിക്രമം ചെറുത്ത യുവ ഡോക്ടർ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും, തുടർന്ന് മറ്റ് ഡോക്ടർമാരുടെ സഹായം തേടുകയുമായിരുന്നു.
അടുത്തിടെയാണ് ഡോ. ബിനു നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റോ കസ്റ്റഡിയോ രേഖപ്പെടുത്തിയതായി നിലവിൽ വിവരങ്ങളില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.