നവീൻ ബാബുവിന്റെ മരണം; സി.ബി.ഐ. വേണ്ട,പ്രത്യേക അന്വേഷണ സംഘം മതിയെന്ന് നിയമോപദേശം,സർക്കാർ നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി. ബി.ഐ.ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. സി.ബി.ഐ. വേണ്ടെന്നും കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) മതിയെന്നുമാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലിയുടെയും അഡ്വക്കേറ്റ് ജനറൽ കെ. ജാജു ബാബുവിന്റെയും നിയമോപദേശം. സി.ബി.ഐ. അന്വേഷണത്തിൽ നിയമപരമായ പ്രശ്നങ്ങളുണ്ടാകാം. അഴിമതിയും ഗൂഢാലോചനയും അടക്കമുള്ളവ ഉൾപ്പെട്ട അന്വേഷണമാണ് വേണ്ടതെന്നും പറയുന്നു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ, അഴിമതി ആരോപണമുന്നയിച്ച് കണ്ണൂർ ജില്ലപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പരസ്യ അവഹേളനമാണ് മരണകാരണമെന്നാണ് പരാതി. കുടുംബം നൽകിയ പരാതിയെത്തുടർന്നാണ് സി.ബി. ഐ. അന്വേഷണത്തിന് ശുപാർശ ചെയ്യാൻ ജൂണിൽ യു.ഡി.എഫ്. സർക്കാർ തീരുമാനിച്ചത്. നിയമോപദേശം ലഭിച്ചതോടെ സി.ബി.ഐ.ക്ക് വിടാനുള്ള വിജ്ഞാപനം സംബന്ധിച്ച അന്തിമതീരുമാനം മാറ്റിവെച്ചിരിക്കുകയാണ്.
കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണവും വേണ്ടിവരും. പെട്രോൾപമ്പ് അനുവദിക്കാൻ നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടി.വി. പ്രശാന്തന്റെപേരിലും അന്വേഷണം വേണം. സർക്കാർ ഉദ്യോഗസ്ഥനായ പ്രശാന്തൻ ഒന്നരക്കോടി രൂപ ചെലവഴിച്ച് പമ്പ് തുടങ്ങിയതെങ്ങനെയെന്നും അന്വേഷിക്കേണ്ടിവരും. ദിവ്യക്കെതിരേയും അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം വേണം.
യാത്രയയപ്പുനടന്ന 2024 ഒക്ടോബർ 14-ന് ദിവ്യ കളക്ടറേറ്റിലേക്ക് വന്നതിലെ ഗൂഢാലോചനയും ഇതിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നതും അന്വേഷണ പരിധിയിൽവരും. ഇതിന് പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് ഉചിതമെന്നാണ് നിയമോപദേശം. ഒക്ടോബർ 15-നാണ് നവീൻബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
Content Highlights: Legal advice suggests dropping the CBI probe in favor of Kerala Police SIT., Concerns raised over legal complexities in handing the case to CBI., Investigation to cover corruption and conspiracy charges, including TV Prasanth's petrol pump allegations., PP Divya's role in the farewell meeting and alleged conspiracy on October 14, 2024, under scrutiny.