പണിമുടക്കിലും സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പണിത്തിരക്ക്

കണ്ണൂര്‍: പണിമുടക്കില്‍ എല്ലാം അടഞ്ഞുകിടക്കുമ്പോഴും പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുഖ്യവേദിയായ നായനാര്‍ അക്കാദമിയില്‍ പണിത്തിരിക്ക്. അവിടെ പണിമുടക്കറിയാതെ ജോലി ചെയ്യുകയാണ് മറുനാടന്‍തൊഴിലാളികള്‍.
നായനാര്‍ അക്കാദമിയില്‍ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ മറുപടി ഇങ്ങനെ- ''എന്തു പണി, അതൊക്കെ ഞായറാഴ്ചയേ കഴിഞ്ഞിരുന്നു. തൂണിന്റെയും അലൂമിനിയം ഷീറ്റിന്റെയും ജോലി രാത്രിതന്നെ കഴിഞ്ഞു. ഇനി സ്റ്റേജില്‍ കസേര നിരത്താനുള്ള പണികളേ ബാക്കിയുള്ളു. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ മാസങ്ങളായി അവിടെ ഉണ്ട്. അല്ലാതെ പണിമുടക്ക് ദിവസം പണിയൊന്നും നടന്നിട്ടില്ല''.
ഏപ്രില്‍ ആറുമുതല്‍ 10 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. അതിന്റെ മുഖ്യവേദിയാണ് നായനാര്‍ അക്കാദമി. അക്കാദമിയിലെ നിര്‍മാണ പ്രവൃത്തികളില്‍ തീരദേശപരിപാലന നിയമവും കെട്ടിടനിയമങ്ങളും ലംഘിച്ചുവെന്ന് കാട്ടി കണ്‍ന്റോണ്‍മെന്റ് സ്റ്റോപ്പ് മെമ്മൊകൊടുത്തിരുന്നു. അതു കാരണം പണി ദിവസങ്ങളോളം നിലച്ചിരുന്നു.
വിശദീകരണം നല്‍കിയതിനെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് അനുമതി ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് സംഘാടകര്‍.
Content Highlights: Nationwide strike CPM party congress Kannur Nayanar Academy