ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ, രണ്ടുപേർക്ക് പരിക്ക്; അശാസ്ത്രീയ നിർമ്മാണമെന്ന് ആരോപണം

അടിമാലി: ദേശിയപാത നിർമ്മാണം നടക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി ജോസ് (38), തമിഴ്നാട് തെങ്കാശി സ്വദേശി കാളിസ്വാമി ( 52)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി ഓടയും സംരക്ഷണ ഭിത്തിയും നിർമ്മിക്കുന്ന ജോലികൾ നടന്ന് വരുന്നുണ്ട്. ഇതിനിടയിലാണ് മണ്ണിടിച്ചിൽ.
മച്ചിപ്ലാവിനെ സമീപത്തുള്ള മഴുമറ്റം നഴ്സറിയുടെ സമീപത്താണ് അപകടം ഉണ്ടായത്. 10 അടിയോളം ഉയരത്തിൽ നിന്നും മണ്ണ് തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണ് വീഴുകയായിരുന്നു. നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന കാളിസ്വാമി പൂർണ്ണമായി മണ്ണിനടിയിൽപ്പെട്ടു. ഉടൻ സമീപവാസികളും മറ്റ് നിർമ്മാണതൊഴിലാളികളും ദേശിയപാതയിലൂടെയെത്തിയ വിനോദ സഞ്ചാരികളും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇടിഞ്ഞ് വീണ മണ്ണ് നീക്കി കാളിസ്വാമിയെ പുറത്തെടുത്തു. ചെറിയ പരിക്കുകൾ സംഭവിച്ച ഇരുവരേയും അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിമാലി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപ്പോഴേക്കും നാട്ടുകാരുടെ നേതൃത്വത്തിൽ തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയപാതയുടെ അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ നിർമ്മാണത്തിനെതിരെ കഴിഞ്ഞ ദിവസം ഇരുമ്പുപാലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. മഴ ആരംഭിച്ചതോടെ മൺടയിൽ നിന്നും വെള്ളം ഇറങ്ങി മണ്ണ് റോഡിലേക്ക് ഇടിഞ്ഞിറങ്ങുന്നതാണ് അപകടത്തിന് കാരണം.
Content Highlights: national highway works landslide two injured