മസ്തിഷ്‌ക മരണം സംഭവിച്ച നവോമി ഇനി ആറുപേരിലൂടെ ജീവിക്കും; അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

തിരുവനന്തപുരം : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തൃശ്ശൂർ വടക്കാഞ്ചേരി വാണിയ കിഴക്കേൽ വീട്ടിൽ സ്വദേശിനി നവോമി വിൻസെന്റ് (23) ഇനി ആറുപേരിലൂടെ ജീവിക്കും. അകാലത്തിലുണ്ടായ വിയോഗത്തിന്റെ വലിയ ദുഃഖത്തിലും അവയവദാനമെന്ന മഹത്തായ തീരുമാനമെടുത്ത നവോമിയുടെ കുടുംബത്തോട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ആദരവ് അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു.
നവോമിയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ഹെൽത്ത് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകി. ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലേക്കും രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേക്കുമാണ് (ആർ.ഐ.ഒ) കൈമാറിയത്. കെ-സോട്ടോയാണ് അവയവദാന പ്രക്രിയകൾ പൂർണ്ണമായും ഏകോപിപ്പിച്ചത്. അവയവങ്ങൾ മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയകൾ നിലവിൽ വിവിധ ആശുപത്രികളിൽ പുരോഗമിക്കുകയാണ്.
തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നവോമി, തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ സ്ഥാപനത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാനായുള്ള യാത്രയ്ക്കിടയിലാണ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ജൂൺ 25ന് (വ്യാഴാഴ്ച) പുലർച്ചെ നാലോടെ കൊട്ടാരക്കര വാളകത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന അമ്മ ജിപ്‌സി തങ്കച്ചൻ, അനിയൻ ജോയൽ വിൻസെന്റ് എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. ജോയലായിരുന്നു വാഹനം ഓടിച്ചിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നവോമിയെ തിരുവനന്തപുരം കിംസ് ഹെൽത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജൂൺ 28 ഞായറാഴ്ച രാവിലെ 9:28 ഓടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് അച്ഛൻ വിൻസെന്റും സഹോദരി എയ്ഞ്ചൽ മരിയ വിൻസെന്റും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അമ്മ ജിപ്‌സിയും അനിയൻ ജോയലും നിലവിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: Naomi Vincent (23) declared brain dead following a tragic car accident., Family consented to donate kidneys, liver, heart valves, and corneas., Six patients benefited from the life-saving organ donation process., Coordination was managed by KSOTO across multiple specialized hospitals., The accident occurred on June 25, 2026, near Kottarakkara.