‘നാദാപുരത്തെ സ്ഥാനാർഥി നിർണയം ഹൃദയമിടിപ്പറിയാതെ’; CPI നേതാക്കൾക്കെതിരേ ആഞ്ഞടിച്ച് മണ്ഡലം നേതൃത്വം

നാദാപുരം: കുത്തകസീറ്റായ നാദാപുരത്തെ കനത്ത തോൽവിയെച്ചൊല്ലി സി.പി.ഐ. യോഗത്തിൽ നേതാക്കൾക്ക് രൂക്ഷവിമർശനം.
നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതാക്കൾക്കെതിരേ കമ്മിറ്റി അംഗങ്ങൾ ആഞ്ഞടിച്ചത്. സീറ്റ് നഷ്ടപ്പെടുത്തിയതിന് പിന്നിൽ നേതാക്കളുടെ പിടിപ്പുകേടാണെന്ന് മണ്ഡലം കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. നാദാപുരത്തിന്റെ ഹൃദയമിടിപ്പ് അറിയാതെയാണ് സ്ഥാനാർഥിനിർണയമെന്നും ഒന്ന് പൊരുതാൻപോലുമാകാതെ കീഴടങ്ങിയെന്നും പലരും അഭിപ്രായപ്പെട്ടു.
സംസ്ഥാന നേതാക്കൾക്കെതിരേ അതിരൂക്ഷമായ വിമർശനവും മണ്ഡലം കമ്മിറ്റി യോഗത്തിൽ ഉയർന്നു. നാദാപുരത്ത് ഒന്നിലേറെത്തവണ ജനപ്രതിനിധിയും മന്ത്രിയുമായ ബിനോയ് വിശ്വത്തിന്റെ പിടിപ്പുകേടാണ് സീറ്റ് നഷ്ടപ്പെടാനിടയാക്കിയതെന്നും യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. സംസ്ഥാനനേതാക്കളുടെ ജനകീയസ്വഭാവം നഷ്ടമായതും യോഗത്തിൽ ചർച്ചയായി. സ്ഥാനാർഥിനിർണയ ചർച്ചാവേളകളിൽ ജില്ലയിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും അത് ഗൗരവത്തിലെടുക്കാത്തതും തിരിച്ചടിയായി.
നാദാപുരത്ത് കോൺഗ്രസിന്റെ ശക്തമായ സ്ഥാനാർഥി വരുമെന്ന തീരുമാനം ലഭിച്ചതോടെ സി.പി.എമ്മിന്റെ ഏരിയാ, ജില്ലാ നേതാക്കൾ സി.പി.ഐ. നേതാക്കളുമായി ചർച്ചനടത്തിയിരുന്നു. നാദാപുരത്ത് ശക്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം സി.പി.എമ്മിന്റെ ഏരിയാ, ജില്ലാ, സംസ്ഥാന നേതാക്കൾ സി.പി.ഐ. സംസ്ഥാനത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, അതൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്നാണ് യോഗത്തിലുയർന്ന പ്രധാന ആക്ഷേപം.
ജില്ലയിൽത്തന്നെ കോൺഗ്രസിന് ഏറ്റവുംകൂടുതൽ ഭൂരിപക്ഷം ലഭിച്ചത് നാദാപുരത്തായതും നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാന അസി. സെക്രട്ടറിമാരായ പി.പി. സുനീർ, സത്യൻ മൊകേരി, സ്ഥാനാർഥി പി. വസന്തം, ഇ.കെ. വിജയൻ, ജില്ലാ സെക്രട്ടറി പി. ഗവാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Content Highlights: CPI Nadapuram constituency committee meeting held to review election defeat., Members blamed state leadership for poor candidate selection., Binoy Viswam specifically criticized for his role in the seat loss., CPM's suggestions for a strong candidate were ignored by CPI state leadership., High margin of Congress victory in Nadapuram shocked the party rank and file.