മൈലക്കാട് മണ്ണിടിച്ചില്‍; കൂരിയാടിനു സമാനമായ അപകടം, പാത നിര്‍മിച്ചത് വയലിനു കുറുകേ, നിര്‍മാണം മാനദണ്ഡങ്ങള്‍ പാലിക്കാതെ

തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനു സമാനമായ അപകടമാണ് കൊട്ടിയം മൈലക്കാടും സംഭവിച്ചത്. വയലിനു കുറുകേയാണ് ഈ ഭാഗത്ത് ദേശീയപാത കടന്നുപോകുന്നത്. താഴെ ഇളകിയ മണ്ണും ചെളിയുമാണ്. ഇവിടെ മണ്ണിട്ട് ഉയര്‍ത്തിയാണ് പുതിയ പാത നിര്‍മിക്കുന്നത്. സര്‍വീസ് റോഡുകള്‍ താഴെക്കൂടിയാണ്.
കൂരിയാട് സംഭവിച്ചതുപോലെ മുകളിലത്തെ ഭാരം താങ്ങാനാകാതെ മണ്ണ് ഇടിഞ്ഞുതാഴുകയും സര്‍വീസ് റോഡിനെ വശത്തേക്കു തള്ളിമാറ്റുകയുമായിരുന്നു. റോഡിന് ഇരുവശവും വെള്ളക്കെട്ടും വയലുമാണ്. ഇതിനടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്ന കലുങ്കുമുണ്ട്. ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡപ്രകാരം ഇത്തരം സ്ഥലങ്ങളില്‍ ഉയരപ്പാതയാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, 2018-ല്‍ തയ്യാറാക്കിയ ഡിപിആര്‍ പ്രകാരം മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മിക്കാനാണ് കരാര്‍ കമ്പനി തയ്യാറായത്. കമ്പനി തയ്യാറാക്കുന്ന രൂപരേഖ ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയായിരുന്നു.
തൂണില്‍ ഉയരപ്പാത നിര്‍മിക്കണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരും. ചെലവും കൂടും. ഇതൊഴിവാക്കാനാണ് മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മിക്കുന്നത്. ഉറപ്പുള്ള മണ്ണ് അല്ലെങ്കില്‍ അപകടസാധ്യതയുണ്ട്. കൂരിയാട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പ്രദേശങ്ങളില്‍ സുരക്ഷാപരിശോധന നടത്തിയിരുന്നു. നിലവില്‍ അപകടം സംഭവിച്ച പ്രദേശത്ത് അന്ന് നിര്‍മാണം ഇത്രയും പുരോഗമിച്ചിരുന്നില്ല. അപകടസാധ്യത കണ്ടെത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു.
നിര്‍ദേശങ്ങള്‍ കര്‍ശനം, പക്ഷേ, കടലാസില്‍ മാത്രം
നിര്‍മാണവേളയില്‍ മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ കര്‍ശന നിബന്ധനകളാണ് ദേശീയ ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മിക്കയിടത്തും ഇവ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തേ ആരംഭിച്ച നിര്‍മാണപ്രവൃത്തികള്‍ ആയതിനാല്‍ പുതിയ നിര്‍ദേശങ്ങളില്‍ കടുംപിടിത്തം വേണ്ടെന്നാണ് അധികൃതരുടെ നിലപാട്.
മണ്ണിടിച്ചില്‍ തടയാന്‍ ടോപ്പോഗ്രഫിക്കല്‍ സര്‍വേ നിര്‍ബന്ധമാണ്. വിവിധ തരത്തിലെ മണ്ണിന്റെ ഘടനാപരിശോധന നടത്തുകയും മണ്ണൊലിപ്പ് തടയാനുള്ള നിബന്ധനകള്‍ പാലിക്കുകയും വേണം. നിര്‍മാണം നടക്കുന്ന സ്ഥലത്തിന്റെ 300 മീറ്റര്‍ പരിധിയില്‍ ലൈഡാര്‍ ഡ്രോണ്‍ സര്‍വേ നടത്തുകയും മണ്ണിടിച്ചില്‍ സാധ്യത പരിശോധിക്കുകയും വേണം. മുന്‍കാല സാറ്റലൈറ്റ് ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയും മണ്ണിടിച്ചില്‍ സാധ്യത വിലയിരുത്തണം. നാഷണല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സിയുടെ പഠനങ്ങളും അടിസ്ഥാനമാക്കിവേണം വിശദ പദ്ധതിരേഖ തയ്യാറാക്കേണ്ടത്. ജിയോളജിക്കല്‍, ജിയോടെക്നിക്കല്‍, പഠനങ്ങള്‍ നിര്‍ബന്ധമാണ്. ഉപരിതലം ഏറ്റവും കൂടുതല്‍ ദുര്‍ബലമാകാന്‍ സാധ്യതയുള്ള മഴക്കാലത്തുവേണം ജിയോടെക്നിക്കല്‍ പഠനം നടത്തേണ്ടത്.
നിര്‍മാണവേളയിലെ അപകടങ്ങള്‍ ഒഴിവാക്കാനും കര്‍ശനവ്യവസ്ഥകളുണ്ട്. വെള്ളം ഒലിച്ചുപോകാനുള്ള സൗകര്യം നിര്‍മാണവേളയില്‍ ഉണ്ടായിരിക്കണം. നീക്കംചെയ്യുന്ന മണ്ണും കല്ലും മറ്റ് അവശിഷ്ടങ്ങളും പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാകാത്തവിധത്തില്‍ മാറ്റണമെന്നും വ്യവസ്ഥയുണ്ട്. ഷിരൂര്‍, കൂരിയാട് അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നിബന്ധനകള്‍ കഴിഞ്ഞമാസം പുതുക്കി ഇറക്കിയിരുന്നു.
ദേശീയപാത നിര്‍മാണത്തിനിടെ കൊല്ലത്ത് അടിക്കടി അപകടങ്ങള്‍
കൊല്ലം: ദേശീയപാത നിര്‍മാണത്തിനിടെ കൊല്ലത്തുണ്ടായത് 'തുടരന്‍' അപകടങ്ങള്‍. അശ്രദ്ധയും അശാസ്ത്രീയമായ നിര്‍മാണവുമാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കിയത്. ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ മരിച്ചു. പലപ്പോഴും ഭാഗ്യംകൊണ്ടുമാത്രമാണ് വലിയ ദുരന്തങ്ങള്‍ വഴിമാറിപ്പോയത്. നവംബര്‍ 11-ന് ദേശീയപാത നിര്‍മാണത്തിനായി മണ്ണ് നിരത്തുന്നതിനിടെ അടിയില്‍പ്പെട്ട് അതിഥിത്തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി മുഹമ്മദ് ജിബ്രൈല്‍ (42) ആണ് മരിച്ചത്. പുലര്‍ച്ചെ കുരീപ്പുഴ-കാവനാട് പാലത്തിന്റെ അനുബന്ധറോഡിലെ മണ്ണ് യന്ത്രസഹായത്തോടെ നിരപ്പാക്കുന്നതിനിടെയാണ് അപകടം. ടിപ്പറില്‍നിന്നുള്ള മണ്ണ് പിന്നില്‍നിന്ന തൊഴിലാളിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
ജൂലായ് 21-ന് നീണ്ടകര പുതിയ പാലത്തിന്റെ നിര്‍മാണജോലിക്കിടെ ഇരുമ്പ് ചാനല്‍ തലയില്‍വീണ് അതിഥിത്തൊഴിലാളി മരിച്ചു. പാലത്തിലെ സുരക്ഷാജീവനക്കാരന്‍ ബിഹാര്‍ സ്വദേശി വിനോദ് സിങ് (47) ആണ് മരിച്ചത്.
ജൂലായ് 14-ന് കൊട്ടിയം ജങ്ഷനില്‍ ദേശീയപാത നിര്‍മാണത്തിനിടെ ഭിത്തിയില്‍നിന്ന് പടുകൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബ് സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മേല്‍വീണ് പരിക്കേറ്റു. തസ്ലീമ(28)യ്ക്കാണ് പരിക്കേറ്റത്. വൈകീട്ട് 3.30-ന് കൊട്ടിയം ജങ്ഷനു സമീപമാണ് അപകടം. തലയിലേക്ക് വീഴാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ജൂണ്‍ 11-ന് പാലത്തറയില്‍ ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞുതാഴ്ന്നിരുന്നു. ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി ഓട നിര്‍മിക്കുന്നതിനിടെയാണ് റോഡ് ഇടിഞ്ഞുതാണത്. കൊല്ലം ബൈപ്പാസില്‍ കൂറ്റന്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനടുത്ത് പാലത്തറ ജങ്ഷനില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
മേയ് എട്ടിന് സ്വകാര്യ ബസ് മണ്ണുമാന്തിയിലിടിച്ച് അപകടത്തില്‍ ഡ്രൈവറുള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു. പാരിപ്പള്ളി മുക്കടയില്‍ ദേശീയപാത നിര്‍മാണപ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന മണ്ണുമാന്തിയുടെ ബക്കറ്റില്‍ ബസിടിക്കുകയായിരുന്നു. സ്ലാബ് അടുക്കുന്നതിനിടെ മണ്ണുമാന്തിയുടെ ബക്കറ്റ് അപ്രതീക്ഷിതമായി സര്‍വീസ് പാതയിലേക്ക് ഇറങ്ങി. ഇതോടെ സ്വകാര്യ ബസിന് ബ്രേക്ക് ചെയ്യാനുള്ള സമയം ലഭിച്ചില്ല.
മാര്‍ച്ച് 25-ന് കൊല്ലം ബൈപ്പാസില്‍ ദേശീയപാതയില്‍ പാല്‍ക്കുളങ്ങര ക്ഷേത്രത്തിനുസമീപം നിര്‍മാണത്തിനിടെ പാതയിടിഞ്ഞ് മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
ഫെബ്രുവരി ഏഴിന് കല്ലുംതാഴം റെയില്‍വേ പാലത്തിനുസമീപം മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചിരുന്നു. സര്‍വീസ് റോഡ് നിര്‍മാണത്തിനിടെയാണ് മണ്ണിടിഞ്ഞത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സംഭവം. ജൂലായില്‍ ഇതേഭാഗത്തു വീണ്ടും മണ്ണിടിച്ചിലുണ്ടായി.
2024 നവംബര്‍ 28-ന് ബൈപ്പാസില്‍ അയത്തില്‍ ജങ്ഷനുസമീപം പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണു. തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
Content Highlights: Mylakkad landslide eerily mirrors Kuriayadi. NH bypass built over paddy fields, ignoring safety norms. Learn about the construction flaws and risks.