'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനനെ പരോക്ഷമായി തള്ളി എം.വി. ഗോവിന്ദൻ

കണ്ണൂർ: മുൻ എം.എൽ.എ. ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗത്തെ പരോക്ഷമായി തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൊലയ്ക്ക് കൊലയല്ല പാർട്ടിയുടെ നയമെന്ന് അദ്ദേഹം പറഞ്ഞു. അക്രമങ്ങളും കൊലപാതകങ്ങളും ഒഴിവാക്കി സമവായത്തിന്റെ രീതി സ്വീകരിക്കണമെന്ന നിലപാടാണ് പാർട്ടി അംഗീകരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
23-ാം പാർട്ടി കോൺഗ്രസിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച നയം ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, പാർട്ടിക്കുനേരെ ആക്രമണമുണ്ടായാൽപോലും തിരിച്ചടിയായി കൊലപാതകമോ വീടുകൾ ആക്രമിക്കലോ പാടില്ലെന്ന നിലപാട് ആവർത്തിച്ചു.
മധുസൂദനന്റെ പ്രസംഗമുണ്ടാക്കിയ രാഷ്ട്രീയ തിരിച്ചടി പ്രതിരോധിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശങ്ങൾ ഉയർത്തിക്കാട്ടാനാണ് സി.പി.എം. ശ്രമിക്കുന്നത്. ചോരയ്ക്ക് പകരം ചോര എന്ന തരത്തിൽ വി.ഡി. സതീശൻ നടത്തിയ പ്രസംഗത്തെക്കുറിച്ച് മാധ്യമങ്ങൾ എന്തുകൊണ്ട് ചർച്ചചെയ്യുന്നില്ലെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. ഈ വിഷയത്തിൽ വി. ഡി. സതീശനെതിരേ ഗവർണർക്ക് ഔദ്യോഗികമായി പരാതി നൽകുന്ന കാര്യം സി.പി.എം. ആലോചിക്കുന്നു.