ജോത്സ്യനെ കണ്ടതിൽ സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നിട്ടില്ല; വാർത്ത നിഷേധിച്ച് MV ഗോവിന്ദൻ

എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ

കണ്ണൂർ: നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയർന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന സമിതിയിൽ ഒരു വിമർശനവും ഉയർന്നിട്ടില്ലെന്നും സാമൂഹികമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നുവെന്നും ഇക്കാര്യം ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നേതാവ് സംസ്ഥാന സമിതിയിൽ തുറന്നടിച്ചതായുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്. എന്ത് രാഷ്ട്രീയബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചില നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നത് എന്നായിരുന്നു ചോദ്യം.

എന്നാൽ മറ്റ് നേതാക്കള്‍ ആരും ചര്‍ച്ചയില്‍ ഇക്കാര്യം ഏറ്റെടുത്തില്ല. സംസ്ഥാന സെക്രട്ടറിയുടെ മറുപടിയിലും വിമര്‍ശനത്തെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഒരു പ്രശസ്ത ജ്യോത്സ്യനെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ അടുത്തിടെ പ്രചിരിച്ചിരുന്നു. എം.വി. ഗോവിന്ദനെ ലക്ഷ്യമിട്ടാണ് വിമര്‍ശനമെന്നും വ്യാഖ്യാനങ്ങളുണ്ടായിരുന്നു.

Content Highlights: CPM State Secretary MV Govindan denied allegations of criticism within the state committee