ഇ.ഡിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ, പിണറായി വിജയനെയും റിയാസിനെയും വേട്ടയാടുന്നു- എംവി ഗോവിന്ദൻ

#ന്യൂസ് ഡെസ്ക്
എംവി ഗോവിന്ദൻ | Photo: ബി മുരളീകൃഷ്ണൻ/മാതൃഭൂമി
എംവി ഗോവിന്ദൻ | Photo: ബി മുരളീകൃഷ്ണൻ/മാതൃഭൂമി

കോഴിക്കോട്: കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബിജെപി സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുകയാണ്. സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ ഇ.ഡിക്കും മാധ്യമങ്ങൾക്കും വേണ്ട. മാധ്യമങ്ങളുടെ തണലിലല്ല സിപിഎം വളർന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. മുതലക്കുളത്ത് വെച്ച് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.ഡിക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ലക്ഷ്യം പ്രഖ്യാപിച്ചാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ബിജെപിക്കെതിരേ പറയുന്ന മാധ്യമ പ്രവർത്തകരെ അടക്കം ജയിലിൽ അടയ്ക്കുന്നു. വെറുതെ ജയിലിൽ അടയ്ക്കുക, പുകമറ സൃഷ്ടിക്കുന്നു - ഇതാണ് ഇ.ഡിയുടെ രീതി. മുൻ ഡൽഹി മുഖ്യമന്ത്രിയെ 113 ദിവസമാണ് ജയിലിൽ അടച്ചത്. എന്നിട്ട് കെജ്‌രിവാളിനെതിരായ കേസ് എവിടെയെന്നും അദ്ദേഹം ചോദിച്ചു.

ബി.ജെ.പി ക്കാർക്ക് ഇ.ഡി യുടെ കേസ് ഇല്ല. എടുത്ത 95% കേസുകളും പ്രതിപക്ഷ നേതാക്കൾക്ക് എതിരെയാണ്. പി.സി ജോർജ് വെളിപ്പെടുത്തിയ 4.5 കോടി രൂപയുടേത് കള്ളപ്പണം അല്ലേ? കള്ളപ്പണ ഇടപാടിനെ കുറിച്ച് പറഞ്ഞ ബിജെപിയുടെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്തില്ല. കൊടകര കുഴൽപ്പണ കേസ് അന്വേഷിച്ചോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 12 കൊല്ലമായി ഒമ്പത് ശതമാനം കേസുകൾ മാത്രമാണ് കുറ്റപത്രം നൽകിയത്. അതിൽതന്നെ അര കേസിൽ മാത്രമാണ് ശിക്ഷ ലഭിച്ചത്. അസാം മുഖ്യമന്ത്രി പഴയ കോൺഗ്രസ് നേതാവാണ്. ശാരദ ചിട്ട് ഫണ്ടിൽ ചോദ്യം ചെയ്യാൻ വിളിച്ചു. എന്നാൽ അയാൾ ബിജെപിയിലേക്ക് പോയപ്പോൾ ആ കേസ് അപ്രത്യക്ഷമായെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. അതു തന്നെയാണ് പഴയ തൃണമൂൽ കോൺഗ്രസ് നേതാവും നിലവിലെ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയുടെ കേസിലും കണ്ടതെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ഇ.ഡി സത്യസന്ധമായ ഏജൻസി അല്ലെന്നും ബിജെപിക്ക് കീഴടങ്ങിയാൽ കേസ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സാലോജിക് കേസ് വരുമ്പോൾ പിണറായി വിജയന്റെ മകൾ എന്ന് പറഞ്ഞാണ് വാർത്ത വരുന്നത്. കേസ് പിണറായി വിജയനിലേക്ക് എത്തിക്കാനും ശ്രമമുണ്ട്. തെളിവ് ഉണ്ടെങ്കിൽ കോടതിയിൽ ആണ് കൊടുക്കേണ്ടത്. അല്ലാതെ വാർത്ത കുറിപ്പ് ഇറക്കുകയല്ല. വീണയുടെ ഭർത്താവ് എന്ന് പറഞ്ഞു റിയാസിനെയും വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലാവ്‌ലിൻ കേസ് എത്ര കൊല്ലമായി നടക്കുന്നു. സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താം എന്ന വിചാരിക്കുന്നുണ്ടെങ്കിൽ അത് വിലപോവില്ല. കരുവന്നുർ ബാങ്കിലെ രേഖകൾ മുഴുവൻ ഇ.ഡി കൊണ്ടുപോയി. സി.പി.എം നേതാക്കളെ പ്രതിയാക്കി. ബിജെപിയിൽ ആളെ കൂട്ടാമെന്നാണ് ഇ.ഡി ചിന്തിക്കുന്നത്. കള്ളക്കേസ് ഉണ്ടാക്കി സി.പി.എം നേതാക്കളെ കുടുക്കാനാണ് ശ്രമമെങ്കിൽ കീഴടങ്ങാൻ ഞങ്ങൾക്ക് മനസ്സില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: ED is functioning with clear political motives to target opposition leaders., 95 percent of ED cases are filed against opposition figures while BJP leaders are spared., CPM leaders cannot be intimidated or suppressed through fake cases., Leaders like Pinarayi Vijayan's family members are deliberately dragged into controversies like the Exalogic case.