ബജറ്റ് സ്വകാര്യവത്കരണത്തിനുള്ള ആമുഖപ്രഭാഷണം, മംഗലാപുരത്ത് പോയതിന്റെ കാര്യം മനസ്സിലായി- എംവി ഗോവിന്ദൻ

തിരുവനന്തപുരം: സമ്പൂർണ സ്വകാര്യവത്കരണത്തിനുള്ള ആമുഖപ്രഭാഷണമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ധാരാളം പദ്ധതികളുണ്ടെങ്കിലും പണമില്ലെന്നാണ് മാധ്യമങ്ങൾപ്പോലും പറയുന്നത്. ഇതൊന്നും ഈവർഷം നടപ്പിലാക്കാൻ കഴിയുന്നതല്ല. കടലാസിലാണ് പദ്ധതികൾ. കല്ലിടാനേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
സമുദ്രതീരം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങി ആകാശവും ഭൂമിയും വെള്ളവുമെല്ലാം സ്വകാര്യവത്കരണ പ്രക്രിയയ്ക്ക് വിധേയപ്പെടുത്തുകയാണ്. സ്വകാര്യ മൂലധനത്തെ പൂർണമായും ആശ്രയിക്കാതെ കേരളം എങ്ങനെയാണ് വളരുക എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്ത് പോയതുമായി ബന്ധപ്പെട്ട് ചർച്ച ഉയർന്നപ്പോൾ അതെന്തിനായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യം ധവളപത്രത്തിലൂടെയും ഇപ്പോൾ ബജറ്റ് പ്രസംഗത്തിലൂടെയും കൂടുതൽ വ്യക്തമായെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇതെല്ലാം സ്വകാര്യവത്കരണത്തിലൂടെ അദാനിക്ക് വിൽക്കാനുള്ളതാണ്. ബജറ്റിന്റെ സൂക്ഷ്മാംശം പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് അതാണെന്നും അദ്ദേഹം അറിയിച്ചു.
യു.ഡി.എഫ്. അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല ഗുരുതരമായ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവസസുമായി (ഡി.എച്ച്.എസ്.) ബന്ധപ്പെട്ട് നടക്കേണ്ടിയിരുന്ന അവലോകനയോഗം നടത്താനായില്ല. സർക്കാരിന്റെ താത്പര്യപ്രകാരം കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് സ്ഥലംമാറ്റുകയും തരംതാഴ്ത്തുകയും ചെയ്തു. ഒരു നിലപാട് സ്വീകരിച്ച് അവലോകന യോഗംപോലും നടത്താൻ കഴിയാത്തത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിലാദ്യമാണ്. നമ്മുടെ ആരോഗ്യരംഗത്തെ അപകടപ്പെടുത്തുന്ന ഈ നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: MV Govindan labels the 2026 budget as a roadmap for complete privatization., Concerns raised over the lack of funding for proposed infrastructure projects.