'മുഖ്യമന്ത്രി ചിരിച്ചാലും ചിരിച്ചില്ലെങ്കിലും കുറ്റം; അന്‍വറിന്റെ ആരോപണം ദുഷ്ടലാക്കോടെ'

എം.വി.ഗോവിന്ദന്‍ | Photo: Facebook / CPM
എം.വി.ഗോവിന്ദന്‍ | Photo: Facebook / CPM

തിരുവനന്തപുരം: തൃശ്ശൂരില്‍ യു.ഡി.എഫ്. വോട്ടുകളാണ് ബി.ജെ.പി.യുടെ വിജയത്തിന് കാരണമായതെന്ന് ആവര്‍ത്തിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബി.ജെ.പിയുടെ വിജയത്തിന് ഇടതുപക്ഷം കളമൊരുക്കി എന്ന പ്രചാരണം തെറ്റാണ്. അഴിമതിമുക്തമായ ഒരു പോലീസ് സംവിധാനം കേരളത്തില്‍ നിലനില്‍ക്കണം. പോലീസ് സംവിധാനത്തെ ജനകീയസേന എന്ന രീതിയില്‍ മാറ്റുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. മുമ്പ് പിണറായിയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വിമർശനം ചിരിക്കുന്നില്ല എന്നതായിരുന്നു. ഇന്നലത്തെ വിമർശനം എന്തൊരു ചിരിയാ ഇത് ചിരിയാണോ എന്നാണ്. ഒപ്പം പ്രതിപക്ഷ നേതാവിന്റെ വിമർശനവും പരിഹാസവുമെന്നും ​ഗോവിന്ദൻ പറഞ്ഞു. 

മതരാഷ്ട്രവാദത്തിനെതിരേ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അതിനാല്‍ മതേതരവാദികള്‍ക്കിടിയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും വലിയ അംഗീകാരം മുഖ്യമന്ത്രിക്കുണ്ട്. ഇതില്ലാതാക്കാനാണ് സി.പി.എം-ആര്‍.എസ്.എസ് ബന്ധം ആരോപിക്കുന്നത്. ഇതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണ്. ആര്‍.എസ്.എസിന്റെയും ഏറ്റവും വലിയ ശത്രുക്കള്‍ കമ്മ്യൂണിസ്റ്റുകളാണ്. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിര ക്യാപെയിന്‍ ഏറ്റെടുക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഹിന്ദു പത്രത്തിന്റെ ഖേദപ്രകടനത്തോടെ ആ വിവാദം അവിടെ അവസാനിക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിക്ക് പി.ആര്‍. സംവിധാനം ഇല്ല. മതരാഷ്ട്ര ശക്തികള്‍ക്കെതിരായ നിലപാട് പിണറായി വിജയന്‍ ശക്തിയായിത്തന്നെ സ്വീകരിക്കുന്നു. മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസ് വര്‍ഗീയവാദിയാണെന്ന് അന്‍വര്‍ പറഞ്ഞത് നട്ടാല്‍ മുളക്കാത്ത കളവാണ്. മതവിശ്വാസികള്‍ക്ക് സി.പി.എമ്മില്‍ ഒന്നും ചെയ്യാനാവില്ല എന്ന അന്‍വറിന്റെ ആരോപണം ദുഷ്ടലാക്കോടെയുള്ള വര്‍ഗീയ നിലപാടാണ്. ഇതിനെ ശക്തിയായി എതിര്‍ക്കും. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല. 

ശശിക്കെതിരേ കത്ത് അന്‍വര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിനകത്ത് ഒന്നുമില്ല. ശശിയെ ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമം മാത്രമാണ് അതിനുള്ളത്. അതിനെതിരേ ശശി മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്. മുസ്ലിം ലീഗും എസ്.ഡി.പി.ഐ.യും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയത്. അത് ഇപ്പോഴും തുടരുകയാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.

ഇസ്രയേല്‍ സേന നടത്തുന്ന അധിനിവേശത്തിന്റെയും ഹമാസിനെതിരായ കടന്നാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍  സി.പി.എം. ഒക്ടോബര്‍ ഏഴിന് യുദ്ധവിരുദ്ധ ദിനമായി ആചരിക്കും. ജില്ലാകേന്ദ്രങ്ങളില്‍ യുദ്ധത്തിനെതിരായി കാമ്പയിനുകള്‍ നടത്താനും തീരുമാനിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വയനാടിന് ഫണ്ട് അനുവദിക്കാത്തത് എന്നിവ ഉള്‍പ്പെടെ ഉന്നയിച്ചുകൊണ്ട് ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സി.പി.എം. തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: mv govindan about state committee discussion