സാധനങ്ങൾ എടുക്കാനായി ഗോഡൗണിലേക്ക് പോയി, തിരിച്ചെത്തിയില്ല; തുറന്ന ലിഫ്റ്റ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം

#സ്വന്തം ലേഖകൻ
അക്ഷയ് കൃഷ്ണന്‍
അക്ഷയ് കൃഷ്ണന്‍

മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് തൊഴിലാളിയായ യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരിങ്ങഴ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ മുള്ളുംപുറം സ്റ്റോഴ്സിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം.

വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് കടയുടെ ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. വെള്ളൂർക്കുന്നത്ത് മുനിസിപ്പൽ ബിൽഡിങ്ങിൽ ഉള്ള കടയിലെ ജീവനക്കാരനായ അക്ഷയ് സാധനങ്ങൾ എടുക്കാനായാണ് ഗോഡൗണിലേക്ക് എത്തിയത്. മുകൾ നിലകളിലാണിത് സ്റ്റോക്ക് ചെയ്തിരിക്കുന്നത്. ഗോഡൗണിൽ ആവശ്യമുള്ള സാധനം കണ്ടെത്താൻ പറ്റാത്തതിനെ തുടർന്ന് കടയിലേക്ക് വിളിച്ചിരുന്നു. മറ്റൊരു ജീവനക്കാരൻ എത്തിയപ്പോഴാണ് അക്ഷയ് നിലത്തുവീണ് കിടക്കുന്നത് കണ്ടത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

മൂന്നാമത്തെ നിലയിൽ നിന്ന് ലിഫ്റ്റ് പൊട്ടി താഴേക്ക് പതിക്കുന്നതും അക്ഷയ് നിലത്തേക്ക് തെറിച്ച് വീഴുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണാം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നിർധന കുടുംബത്തിന് ഏക അത്താണിയായിരുന്നു അക്ഷയ്. സഹോദരി: അരുണിമ. സംസ്‌കാരം ചൊവ്വാഴ്ച നാലിന്.

Content Highlights: 19-year-old worker Akshay Krishnan died in a warehouse lift collapse in Muvattupuzha., The incident occurred at a newly constructed three-storey building nearVellorkunnam Mahadeva Temple., CCTV footage captured the lift breaking and the worker falling to the ground., Police have registered a case regarding the unnatural death.