കേന്ദ്രഫണ്ടിനെച്ചൊല്ലി തർക്കം; കൗൺസിലർമാർ തമ്മിലടിച്ചു

ഏറ്റുമുട്ടിയ ഭരണ-പ്രതിപക്ഷഅംഗങ്ങളെ പോലീസ് പിടിച്ചു മാറ്റുന്നു.
ഏറ്റുമുട്ടിയ ഭരണ-പ്രതിപക്ഷഅംഗങ്ങളെ പോലീസ് പിടിച്ചു മാറ്റുന്നു.

മൂവാറ്റുപുഴ: കേന്ദ്ര ഫണ്ടിന്റെ വീതംവെപ്പിനെച്ചൊല്ലി മൂവാറ്റുപുഴ നഗരസഭയിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽത്തല്ലി. തുടർന്ന് ചെയർപേഴ്‌സണും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമടക്കമുള്ള വലതുപക്ഷാംഗങ്ങളും എൽ.ഡി.എഫ്. - ബി.ജെ.പി അംഗങ്ങളും ആശുപത്രികളിൽ ചികിത്സ തേടി.

എൽ.ഡി.എഫ്. അംഗങ്ങളായ മജീദ് മങ്ങാടൻ, രജനി സജീവ്, എൻ.എം. കിഷോർ, ടി.എ. സജി, റിബിൻസ് ടി. അലിയാർ, ജയ സുകു, അമ്പിളി ബിജു, ബി.ജെ.പി. അംഗങ്ങളായ ജി. മനോജ്, രാജശ്രീ രാജു, ജയകൃഷ്ണൻ നായർ, യു.ഡി.എഫ്. അംഗങ്ങളായ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി, ഉപസമിതി അധ്യക്ഷ പി. രജിത, ദീപ്തി വിപിൻ, മുഹമ്മദ് ചെറുകപ്പിള്ളി, ജിനു മടേയ്ക്കൽ എന്നിവരാണ് ചികിത്സ തേടിയത്. ഭരണകക്ഷി കൗൺസിലർമാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രതിപക്ഷാംഗങ്ങൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

കേന്ദ്രവിഹിതമായി നഗരസഭയ്ക്ക് ലഭിച്ച 9 കോടി രൂപയുടെ വിതരണത്തിൽ പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളെ ഒഴിവാക്കിയെന്നാരോപിച്ച് എൽ.ഡി.എഫ്., ബി.ജെ.പി. അംഗങ്ങൾ പ്രതിഷേധിച്ചു. പ്രതിപക്ഷാംഗങ്ങളുടെ വാർഡുകളെ പൂർണമായും അവഗണിച്ചു എന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് ചെയർപേഴ്‌സന്റെ മുറിക്കുമുന്നിൽ കുത്തിയിരുന്നു. കൗൺസിൽ അവസാനിപ്പിച്ച് ചെയർപേഴ്‌സണും ഭരണകക്ഷി അംഗങ്ങളും കൗൺസിൽ ഹാളിൽ നിന്ന് ചെയർപേഴ്‌സന്റെ ചേംബറിലേക്ക് പുറകിൽ നിന്നുള്ള വാതിലിലൂടെ എത്തി.

ഈ സമയം പുറത്ത് പ്രതിപക്ഷാംഗങ്ങൾ സമരം തുടരുന്നുണ്ടായിരുന്നു. സമരം നടക്കുന്നതിനിടെ ചെയർപേഴ്‌സണും ഭരണകക്ഷി അംഗങ്ങളും സമരക്കാർ ഇരിക്കുന്ന വാതിലിലൂടെ പുറത്തേക്ക് വന്നു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും തർക്കവുമായി. ഇതിനിടെ പോലീസെത്തിയെങ്കിലും തർക്കം തുടർന്നു. വാക്കേറ്റം ഒടുവിൽ കൈയാങ്കളിയിലെത്തി. നിലത്തിരുന്നവരും പുറത്തേക്ക് വന്നവരും തമ്മിൽ പിടിവലിയും ചവിട്ടുമായി. വനിതാകൗൺസിലർമാരും ഇതിൽ പെട്ടു. പിടിവലിക്കിടെ നിലത്തിരിക്കുകയായിരുന്നവരുടെ ദേഹത്തേക്ക് മറ്റുള്ളവർ വീണു. ചിലരുടെ ദേഹത്ത് ചവിട്ടേറ്റിട്ടുണ്ട്. കൈപിടിച്ചു തിരിച്ചും വിരലുകൾ പിടിച്ച് വളച്ചും ഉപദ്രവിച്ചതായി ഇരുപക്ഷത്തുള്ളവരും ആരോപിച്ചു. കൗൺസിലർമാരുടെ കൈകാലുകൾക്കും ദേഹത്തും ചതവുണ്ട്. പോലീസാണ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്.

Content Highlights: Councillors from ruling and opposition parties clashed in Muvattupuzha municipality over central fund allocation., LDF and BJP members accused the ruling faction of completely ignoring opposition wards in distributing the Rs 9 crore central fund., Protests turned violent outside the chairperson's room, resulting in physical altercations involving both male and female councillors., Several councillors from UDF, LDF, and BJP sustained injuries and sought medical treatment at various hospitals.