മൂവാറ്റുപുഴ കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

#ന്യൂസ് ഡെസ്ക്
കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം നടന്ന സ്ഥലം
കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം നടന്ന സ്ഥലം

മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് കതിന പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കടാതി സ്വദേശിയായ രവി ആണ് മരണപ്പെട്ടത്. അപകടത്തിൽ റാക്കാട് സ്വദേശിയായ ജെയിംസിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തിന് ഏതാണ്ട് 70 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. പള്ളിയിലെ പെരുന്നാളിന്റെ നാലാമത്തെ ദിവസമായ ഇന്ന് രാവിലെ കുർബാനയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. പള്ളികളിൽ കുർബാനയ്ക്ക് ശേഷം ആചാരവെടി പൊട്ടിക്കുന്ന പതിവുണ്ട്. ഇതിനായി പള്ളിക്ക് സമീപമുള്ള ഒരു കെട്ടിടത്തിനുള്ളിൽ വെച്ച് കതിന നിറയ്ക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ഏതാണ്ട് 10 മുതൽ 15 വരെ കതിനക്കുറ്റികൾ ആ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നു. ഒരു കതിന നിറയ്ക്കുന്നതിനിടയിൽ പെട്ടെന്നുണ്ടായ തീപ്പൊരി അപകടമുണ്ടാക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റ് കതിനകൾ കൂടിപൊട്ടിത്തെറിച്ചതോടെയാണ് വലിയ അപകടമായി മാറിയത്.

കതിന നിറയ്ക്കുന്ന ജോലി പ്രധാനമായും ചെയ്തിരുന്നത് ജെയിംസ് ആയിരുന്നു. അദ്ദേഹത്തിന് സഹായത്തിനായാണ് രവി എത്തിയിരുന്നത്. മരണപ്പെട്ട രവി സമീപത്തെ കാരനാട്ടുക്കാവ് ക്ഷേത്രത്തിൽ സ്ഥിരമായി കതിന നിറയ്ക്കുന്ന ജോലി ചെയ്യുന്ന വ്യക്തിയാണെന്നും പള്ളി പെരുന്നാളിനോടനുബന്ധിച്ച് ജെയിംസ് ഇദ്ദേഹത്തെ സഹായിയായി കൂട്ടിക്കൊണ്ടുവന്നതാണെന്നും വിവരങ്ങളുണ്ട്. വൈകുന്നേരം നടക്കുന്ന പ്രദക്ഷിണ സമയത്ത് പൊട്ടിക്കുന്നതിനായി കതിനകൾ തയ്യാറാക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം നടന്നത്.

Content Highlights: Tragic accident during Kudamattom festival in Muvattupuzha church. Firecracker explosion kills one and injures another severely. Learn more about the incident.