‘തിരച്ചിൽ കാര്യക്ഷമമല്ല’; മഴയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് കടലിൽ കാണാതായ ഷിജിന്റെ കുടുംബം

#ന്യൂസ് ഡെസ്ക്

മുതലപ്പൊഴി: വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ കുടുംബം പ്രതിഷേധത്തിൽ. കോസ്റ്റൽ പോലീസിന് മുന്നിൽ കുത്തിയിരുന്നാണ് ഷിജിന്റെ ഭാര്യയും കുഞ്ഞും ബന്ധുക്കളും പ്രതിഷേധിക്കുന്നത്. കനത്ത മഴ വകവെക്കാതെ കോസ്റ്റൽ പോലീസ് സ്‌റ്റേഷന് മുന്നിലാണ് കുടുംബത്തിന്റെ പ്രതിഷേധം. തിരച്ചിൽ നടത്തുന്നതിൽ അധികൃതർ വീഴ്ചവരുത്തുന്നവെന്നാണ് ഷിജിന്റെ കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്.

ജൂലൈ 31-ന് രാത്രി ഒമ്പത് മണിയോടെ മീൻ പിടിച്ചശേഷം അഞ്ചുതെങ്ങ് പുത്തൻ മണ്ണ് സ്വദേശി ജോസിന്റെ വള്ളത്തിൽ തീരത്തേയ്ക്ക് മടങ്ങുമ്പോഴാണ് അഴിമുഖ മുനമ്പിലെ തിരയിൽപ്പെട്ട് വള്ളംമറിഞ്ഞ് ഷിജിനെ കാണാതായത്. കഴിഞ്ഞ അഞ്ച് ദിവസമായി മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും മിക്ക ദിവസങ്ങളിലും പൂർണതോതിൽ തിരയാനായില്ല.

ഷിജിനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലും തിരച്ചിൽ നടന്നുവരുകയാണ്. ഇതിനിടെ, അടിയന്തരമായി മുങ്ങൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. പുലിമുട്ടിലെ കല്ലുകൾക്കിടയിൽ മൃതദേഹം കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നാണ് കുടുംബം സംശയിക്കുന്നത്. അഴിമുഖത്തിനപ്പുറത്തേക്ക് വിശദമായ തിരച്ചിൽ നടത്തണം. സർക്കാർ അനുമതി നൽകിയാൽ മുങ്ങൽവിദഗ്ധരായ മത്സ്യത്തൊഴിലാളികളും തിരച്ചിലിന് തയ്യാറാണെന്ന് ബന്ധുക്കൾ പറയുന്നു.

അതേസമയം, പൊഴിയൂർമുതൽ മുതലപ്പൊഴി, വർക്കല, ഇടവ അടക്കമുള്ള ഭാഗത്ത് തീരസംരക്ഷണസേന തിരച്ചിൽ നടത്തി. കോസ്റ്റ്ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ സുരേഷ് കുറുപ്പിന്റെ നേതൃത്വത്തിൽ തമിഴ്‌നാട് കുളച്ചലിലെ ആഴക്കടലിലും പരിസരത്തും തിരച്ചിൽ നടത്തുന്നുണ്ട്. കോസ്റ്റ്ഗാർഡിന്റെ രണ്ട് ഡോണിയർ ചെറുവിമാനങ്ങളും ചേതക്ക് ഹെലികോപ്റ്ററും ആകാശനിരീക്ഷണം നടത്തുന്നുണ്ടെന്ന് കമാൻഡന്റ് ബിജു ഫിലിപ്പ് പറഞ്ഞു.

Content Highlights: Family members of missing fisherman Shijin stage protest at Coastal Police Station., Accident occurred on July 31 near Mutalapozhi harbor., Allegations of inadequate search operations by authorities., Demands for deployment of expert divers to search rocky crevices., Coast Guard and Marine Enforcement ongoing search operations.