'വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ കേസെടുക്കണം'; വനിതാ കമ്മീഷന് പരാതി നല്‍കി ബിന്ദു കൃഷ്ണ

#സ്വന്തം ലേഖിക
ഫോട്ടോ: അജിത്ത് പനച്ചിക്കല്‍| മാതൃഭൂമി
ഫോട്ടോ: അജിത്ത് പനച്ചിക്കല്‍| മാതൃഭൂമി

കൊച്ചി: ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ. ഇത് സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകി.

പാർട്ടിയാണ് പോലീസും കോടതിയുമെന്നും തനിക്ക് ദുരനുഭവം ഉണ്ടായാൽ പോലീസിൽ പരാതിപ്പെടില്ലെന്നുമെക്കെയാണ് അവർ മുൻപ് പറഞ്ഞിട്ടുള്ളത്. വനിതകൾക്കെതിരായ പരാമർശങ്ങൾ നടത്തുന്നത് വനിതാ കമ്മീഷൻ അധ്യക്ഷ പതിവാക്കിയിരിക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് പറയാൻ കഴിയുന്നതാണോ ഇതൊക്കെയെന്നും ബിന്ദുകൃഷ്ണ ചോദിച്ചു. സർക്കാർ നൽകിയിരിക്കുന്ന ഉത്തരവാദിത്തം നിർവഹിക്കാത്തതിൽ ഇവർക്കെതിരേ കേസ് എടുക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.

തുടർച്ചയായി നടക്കുന്ന ഇത്രയും വലിയ ഗാർഹിക പീഡനങ്ങളുടെ പശ്ചാത്തലത്തിൽ ഇങ്ങനെ പറയാൻ മനുഷ്യനായ ഒരാൾക്കും കഴിയില്ല. ഈ കമ്മിഷൻ വന്നതിന് ശേഷം രാഷ്ട്രീയത്തിന് അതീതമായി നിക്ഷ്പക്ഷമായ ഒരു തീരുമാനം എടുത്തിട്ടുള്ളതായി കണ്ടിട്ടില്ല. സുഗതകുമാരി ടീച്ചർ മുതലുള്ള കമ്മിഷൻ അധ്യക്ഷമാരെ നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ മുൻപുണ്ടായ അധ്യക്ഷമാരെപ്പോലെ അല്ല ഇവരുടെ പ്രവർത്തനം. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ ഇവരെ മാറ്റുകയാണ് ചെയ്യേണ്ടത്.

സ്ത്രീകൾ അനുഭവിക്കുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി പോലീസ് വകുപ്പിൽ പുതിയ വിഭാഗങ്ങൾക്ക് രൂപം നൽകിയ മുഖ്യമന്ത്രിയുടെ നടപടി കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാൽ അതിന് പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷയിൽ നിന്നുതന്നെ ഉണ്ടായ മോശമായ നടപടികൾ സംസ്കാര സമ്പന്ന കേരളത്തിന് യോജിച്ചതല്ല.

സംസ്ഥാനത്തെ വനിതകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, അവരുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി നിയമപരമായും സാമൂഹ്യപരമായും പ്രവർത്തിക്കേണ്ട ഉത്തരവാദിത്വപ്പെട്ട സ്ഥാപനമാണ് വനിതാ കമ്മീഷൻ. എന്നാൽ അതിനെ ധ്വംസിക്കുന്ന തരത്തിലുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രവർത്തനങ്ങൾക്കെതിരെ കേസ് എടുക്കാനും നടപടികൾ സ്വീകരിക്കാനും തയ്യാറാകണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

Content Highlights:Must take police case against MC Josephine says Bindhu Krishna

Content Highlights: