വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും എതിരേ മുദ്രാവാക്യം: യൂത്ത്‌ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ്‌ ചെയ്തു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കും എതിരേ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് നടപടി. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിൽ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയതിനും പ്രകടനം നടത്തിയതിനുമാണ് ജില്ലാ കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്യുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പ്രസ്താവനയിൽ അറിയിച്ചു.

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴയിൽ നടത്തിയ യൂത്ത് ലീഗ് ആഹ്ലാദപ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ എന്നിവർക്കെതിരേയാണ് യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്. ഇത് വിവാദമായതോടെയാണ് ജില്ലാ കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്ത് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിച്ചത്.

Content Highlights: Muslim Youth League state committee suspends Idukki district unit, Disciplinary action taken due to provocative slogans against community leaders, Incident occurred during a rally in Thodupuzha following political announcements, State General Secretary P.K. Firos confirms the suspension