മന്ത്രിമാരുടെ സ്റ്റാഫ് നിയമനം; 'വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ടായിരുന്നു',ലീഗ് യോഗത്തിൽ വിമർശനം

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു

കോഴിക്കോട്: പാർട്ടി ഉപസമിതിയുടെ പട്ടിക തള്ളി മന്ത്രിമാർ സ്വന്തംനിലയിൽ പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചതിൽ ശനിയാഴ്ച നടന്ന മുസ്ലിം ലീഗ് സംസ്ഥാനസമിതി യോഗത്തിൽ രൂക്ഷവിമർശനം. വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളാണ് വിമർശനമുന്നയിച്ചത്. ''ആവശ്യമില്ലാതെ ഒരുപാട് പാർട്ടിപ്രവർത്തകരിൽനിന്ന് അപേക്ഷ വാങ്ങി. അവർക്ക് വെറുതേ ആശകൊടുത്തു. വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ടിയിരുന്നില്ല...'' -അവർ പറഞ്ഞു.

ജില്ലാകമ്മിറ്റികൾ നൽകുന്ന പട്ടിക ഉപസമിതി ഷോർട്ട് ലിസ്റ്റ് ചെയ്ത് തീരുമാനമെടുക്കും, അതനുസരിച്ചാണ് നിയമനം നടത്തുകയെന്ന് വെറുതേ വലിയ പ്രചാരണമുണ്ടാക്കി. ഇങ്ങനെ ചെയ്യാനായിരുന്നെങ്കിൽ അത് വേണ്ടിയിരുന്നില്ലെന്നും സാധാരണപോലെ കാര്യങ്ങൾ തീരുമാനിച്ചാൽ മതിയായിരുന്നെന്നും വിമർശനമുയർന്നു.

മന്ത്രിമാർ സ്വന്തംനിലയിലാണ് പേഴ്സണൽ സ്റ്റാഫിനെ നിയമിച്ചത്. ഏതൊക്കെ മന്ത്രിമാരുടെ സ്റ്റാഫിൽ ആരൊക്കെയാണുള്ളതെന്ന വിശദമായ റിപ്പോർട്ട് വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. സ്റ്റാഫ് നിയമനത്തിൽ ഉപസമിതിക്ക് പാളി. സംസ്ഥാന ജനറൽ സെക്രട്ടറിതന്നെ നിസ്സഹായനായിയെന്നും ഭാരവാഹികൾ പറഞ്ഞു.

സ്റ്റാഫ് നിയമനത്തിനുവേണ്ടിയുണ്ടാക്കിയ സംവിധാനം ഉദ്ദേശിച്ചരീതിയിൽ നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് പി.എം.എ. സലാം പറഞ്ഞതിനു പിന്നാലെയാണ് വിമർശനങ്ങളുയർന്നത്. പി.എം.ശ്രീയിൽ കേന്ദ്രത്തിന്റെ പാഠ്യപദ്ധതി നടപ്പാക്കുന്ന സാഹചര്യമുണ്ടാവരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.

വഖഫ് പുനഃസംഘടനയിൽ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ തീരുമാനമുണ്ടാവില്ലെന്ന് നേതാക്കൾ യോഗത്തിൽ ഉറപ്പുനൽകി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി., സീനിയർ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസ്സമദ് സമദാനി എം.പി., ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി., വൈസ് പ്രസിഡന്റ് കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ, പി.കെ.കെ. ബാവ, ദേശീയ സെക്രട്ടറിമാരായ ഹാരിസ് ബീരാൻ, സി.കെ. സുബൈർ, മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, പ്രത്യേക ക്ഷണിതാക്കൾ, എം.എൽ.എ.മാർ, പോഷകസംഘടനാ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മൂന്ന് മണ്ഡലങ്ങളിലെ തോൽവി പഠിക്കാൻ ഉപസമിതി

കോഴിക്കോട് മുസ്ലീംലീഗിന് ജയസാധ്യതയുണ്ടായിരുന്ന അഴീക്കോട്, കൂത്തുപറമ്പ്, ഗുരുവായൂർ മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ സമിതിയെ നിയോഗിച്ചു. മൂന്നു മണ്ഡലങ്ങളിലും നേരിയ വോട്ടിനാണ് മുസ്ലീംലീഗ് സ്ഥാനാർഥികൾ പരാജയപ്പെട്ടത്. അഴീക്കോട് എം.സി. മായിൻ ഹാജി, എ.കെ.എം. അഷ്‌റഫ്, കൂത്തുപറമ്പ് ഉമ്മർ പാണ്ടികശാല, എൻ.എ. നെല്ലിക്കുന്ന്, ഗുരുവായൂരിൽ ടി.എം. സുലൈമാൻ, ടി.വി. ഇബ്രാഹിം എന്നിവരാണ് സമിതി അംഗങ്ങൾ. കൂത്തുപറമ്പിലെ തോൽവിയിൽ മുസ്ലീംലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. വിമതപ്രവർത്തനമായിരുന്നു കൂത്തുപറമ്പിലെ തോൽവിക്ക് കാരണമെന്നാണ് വിലയിരുത്തൽ.

Content Highlights: Internal criticism regarding the failure of the sub-committee in ministerial staff appointments., Concerns raised over the transparency and process of staff selection., Formation of a sub-committee to study election defeats in Azhikode, Koothuparamba, and Guruvayur constituencies., Party's firm stance against the implementation of central curriculum in PM SHRI schools., Reassurance on Waqf board reorganization policies.