വെൽഫെയർ പാർട്ടിയുമായുണ്ടായത് നീക്കുപോക്കുകൾ മാത്രം; ലീഗ് മതേതരത്വത്തിനൊപ്പമെന്ന് സാദിഖലി തങ്ങൾ

കണ്ണൂർ: മുസ്‌ലിം ലീഗ് എന്നും മതേതരത്വത്തിനുവേണ്ടിയാണ് നിലകൊണ്ടിട്ടുള്ളതെന്നും നാല് വോട്ടിനുവേണ്ടി മതേതരത്വത്തിന് എതിരായ നിലപാടിലേക്ക് ലീഗ് പോകില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമുദായിക നേതാക്കളിൽ പലരും അടുത്തകാലത്തായി നടത്തുന്ന വർഗീയ പരാമർശങ്ങളിൽ ആശങ്കയില്ലെന്നും കേരളീയ സമൂഹത്തിന്റെ മനസ് പഠിച്ചിട്ടുള്ളവരാണ് ലീഗ് എന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പൊതുമനസ്സ് വർഗീയതയ്ക്ക് എതിരാണ്, വിഭാഗീയതയ്ക്ക് എതിരാണ്, സാമുദായിക സൗഹാർദത്തിന്റെയും സഹിഷ്ണുതയുടെും സഹവർത്തിത്വത്തിന്റെയും മനോഭാവമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും വെച്ചുപുലർത്തുന്നത്. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അത് വ്യക്തമായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലീഗിനെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളൊന്നും എവിടെയും എത്താൻ പോകുന്നില്ല. കേരളത്തിനു പ്രബുദ്ധമായ പാരമ്പര്യമുണ്ട്. അവരെയൊന്നും തെറ്റിദ്ധരിപ്പിക്കാൻ ഇത്തരം പ്രസ്താവനകൾ കൊണ്ട് സാധിക്കില്ല. ലീഗിനു ലീഗിന്റേതായ രാഷ്ട്രീയവും സംസ്‌കാരവുണ്ട്. സാമുദായിക സൗഹാർദത്തിന്റെ സംസ്‌കാരമാണത്. അതിൽ ഉറച്ചുനിൽക്കുമെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുണ്ടായ ബന്ധത്തെക്കുറിച്ചും തങ്ങൾ വ്യക്തത വരുത്തി. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടായതാണ്. എന്നാൽ അത് സഖ്യമല്ല. ചില നീക്കുപോക്കുകളൊക്കെ അവിടെയും ഇവിടെയും ഉണ്ടായിക്കാണും. അത് സ്ഥാനാർഥികൾ തമ്മിലുള്ള നീക്കുപോക്കുകളാണ്. ആ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി അത് അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Panakkad Sadiq Ali Shihab Thangal clarifies the Muslim League`s unwavering commitment to secularism and its stance on recent communal remarks, addressing the Welfare Party relationship.