ഹാജർബുക്കിൽ വ്യാജ ഒപ്പ്; മേയർ വി.വി. രാജേഷിനും കൗൺസിലർ സുഗതനുമെതിരെ കേസ്

#ന്യൂസ് ഡെസ്ക്
വി.വി. രാജേഷ്, ആർ.സുഗതൻ | ഫോട്ടോ: മാതൃഭൂമി
വി.വി. രാജേഷ്, ആർ.സുഗതൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കോർപ്പറേഷൻ ഭരണം നിലനിർത്താനായി ബി.ജെ.പി. കൗൺസിലർ ആർ.സുഗതന്റെ വ്യാജ ഒപ്പ് ഹാജർബുക്കിൽ രേഖപ്പെടുത്തി എന്ന പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തു. മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കേസെടുത്തത്. മേയർക്ക് പുറമേ ആർ. സുഗതൻ, നഗരസഭാ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്.

വാഴോട്ടുകോണം കൗൺസിലർ സുഗതൻ ഒളിവിലായിരുന്നപ്പോൾ നടന്ന കൗൺസിൽ യോഗങ്ങളിൽ ഇയാൾ പങ്കെടുത്തതായി വരുത്തിത്തീർക്കാൻ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി എന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് നൽകിയ പരാതിയിലാണ് പോലീസ് നടപടി.

കാപ്പാ കേസിൽ ജൂൺ ഒമ്പതിനാണ് സുഗതനെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റുചെയ്തത്. എന്നാൽ, അറസ്റ്റ് ഭീഷണി നിലനിന്നതിനാൽ ഇതിനുമുൻപുള്ള കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തില്ലെന്നാണ് എൽ.ഡി.എഫിന്റെ ആക്ഷേപം. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിലെ യോഗങ്ങളിൽ പങ്കെടുത്തില്ലെന്നും ഈ ദിവസങ്ങളിലെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നുമാണ് ആരോപണം.

പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച മ്യൂസിയം പോലീസ് കഴിഞ്ഞദിവസം കോർപ്പറേഷൻ ആസ്ഥാനത്ത് എത്തിയിരുന്നു. മേയറുടെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഹാജർബുക്ക് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കുകയും ചെയ്തു. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. കരുതൽ തടവ് റദ്ദാക്കിയതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് സുഗതൻ ജയിലിൽനിന്നു പുറത്തിറങ്ങിയത്.

Content Highlights: Museum police have registered a case against Thiruvananthapuram Mayor V.V. Rajesh, councillor R. Sugathan, and the corporation secretary following allegations of forging signatures in the attendance book.