കൂറുമാറ്റത്തിന്റെ 'ഹൈറേഞ്ചാ'യി മൂന്നാർ പഞ്ചായത്ത്; വൈസ് പ്രസിഡന്റിനെ അയോഗ്യനാക്കി

മൂന്നാർ: കൂറുമാറ്റത്തെ തുടർന്ന് മൂന്നാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാലചന്ദ്രനെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. പഞ്ചായത്ത് അംഗമായി തുടരുന്നതിനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും ആറുവർഷത്തേക്ക് വിലക്കേർപ്പെടുത്തി.
രണ്ടുവർഷം മുമ്പാണ് സി.പി.എം. മൂന്നാർ ഏരിയാ കമ്മിറ്റിയംഗവും 17-ാം വാർഡ് അംഗവുമായിരുന്ന ബാലചന്ദ്രൻ കൂറുമാറി കോൺഗ്രസിലെത്തിയത്. വൈസ് പ്രസിഡന്റ് അയോഗ്യനായെങ്കിലും 11 അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസിന് ഭരണത്തിൽ തുടരാം.
ഈ ഭരണസമിതിയിൽ ഇതുവരെ നാല് പേരാണ് കൂറുമാറ്റത്തെ തുടർന്ന് അയോഗ്യരായത്.
കാലുമാറ്റത്തിന്റെ രാഷ്ട്രീയം
അംഗ ഭരണസമിതിയിൽ 11 അംഗങ്ങളുടെ പിന്തുണയോടെ യു.ഡി.എഫ്. ആണ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാർ പഞ്ചായത്തിൽ അധികാരത്തിലെത്തിയത്. കോൺഗ്രസ് അംഗങ്ങളായ പ്രവീണ രവികുമാർ, എം.രാജേന്ദ്രൻ എന്നിവർ പിന്നീട് കൂറുമാറി എൽ.ഡി.എഫിലേക്ക് പോയി. ഇതോടെ ഭൂരിപക്ഷം ലഭിച്ച എൽ.ഡി.എഫ്. ഭരണത്തിലെത്തി. കൂറുമാറിയ പ്രവീണ പ്രസിഡന്റും രാജേന്ദ്രൻ വൈസ് പ്രസിഡന്റുമായി.
ഇതിനിടയിൽ എൽ.ഡി.എഫ്. അംഗം തങ്കമുടി കൂറുമാറി കോൺഗ്രസ് പാളയത്തിൽ എത്തിയതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലായി എൽ.ഡി.എഫ്. ഭരണം.
രാജി നാടകം
ഫെബ്രുവരി 22-ന് ബാലചന്ദ്രൻ കൂറുമാറി കോൺഗ്രസിലെത്തി ഇതോടെ ഭൂരിപക്ഷം ലഭിച്ച കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എന്നാൽ, പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പായി ബാലചന്ദ്രൻ രാജിവെച്ചതായി പഞ്ചായത്ത് സെക്രട്ടറിക്ക് തപാലിൽ കത്ത് ലഭിച്ചു. ഇതേ തുടർന്ന് അദ്ദേഹം അയോഗ്യനായി. ക്വാറം തികയാതെവന്നതോടെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനായില്ല. ഇതോടെ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എൽ.ഡി.എഫ് ഭരണത്തിൽ തുടർന്നു.
പിന്നീട് രാജിക്കത്ത് വ്യാജമാണെന്നും ഒപ്പ് തന്റേതല്ലെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് അംഗീകരിച്ചതോടെ ബാലചന്ദ്രന് അംഗത്വം തിരികെ ലഭിച്ചു. പിന്നീട് പ്രസിഡന്റ് പ്രവീണ രാജിവെച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വിജയിക്കാനായില്ല. എന്നാൽ, 2024 ജനുവരി 30-ന് അവിശ്വാസപ്രമേയത്തിലൂടെ എൽ.ഡിഎഫ്. പ്രസിഡന്റിനെ പുറത്താക്കി കോൺഗ്രസ് അധികാരത്തിലെത്തി. ദീപ രാജ്കുമാർ പ്രസിഡന്റും വി.ബാലചന്ദ്രൻ വൈസ് പ്രസിഡന്റുമായി.
ചൊവ്വാഴ്ചയാണ് ബാലചന്ദ്രനെ അയോഗ്യനാക്കിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിറങ്ങിയത്. ഇതോടെ മൂന്നാർ പഞ്ചായത്തിൽ അയോഗ്യരായവരുടെ എണ്ണം നാലായി.
അയോഗ്യരായവർ
18-ാം വാർഡ് അംഗം പ്രവീണ രവികുമാർ, 13-ാം വാർഡ് അംഗം എം.രാജേന്ദ്രൻ എന്നിവരെ 2023 ഒക്ടോബർ 12-ന് അയോഗ്യരാക്കി. കോൺഗ്രസ് അംഗങ്ങളായ ഇരുവരും കൂറുമാറി എൽ.ഡി.എഫിലേക്ക് പോയതോടെയാണ് അയോഗ്യരായത്.
ഈ വാർഡുകളിൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. എട്ടാം വാർഡ് അംഗം എൽ.ഡി.എഫിന്റെ പി.തങ്കമുടി 2022 സെപ്റ്റംബറിൽ കൂറുമാറി കോൺഗ്രസിലെത്തി. 2024 നവംബർ അഞ്ചിന് അയോഗ്യനാക്കി. ഇവിടത്തെ ഉപതിരഞ്ഞെടുപ്പ് നടന്നിട്ടില്ല.
17-ാം വാർഡ് അംഗം എൽ.ഡി.എഫിന്റെ വി.ബാലചന്ദ്രൻ 2023 ഫെബ്രുവരി 22-ന് കൂറുമാറി കോൺഗ്രസിലെത്തി. 2025 ഫെബ്രുവരി 25-ന് അയോഗ്യനായി.
Content Highlights: Munnar panchayath vice president V Balachandran disqualified