സമയം: 03.25.15, മരണത്തീ പടർന്നത് കരിമരുന്നുപുരയിൽനിന്നോ?; കണ്ടെത്തിയത് പൊട്ടാത്ത 500KG വെടിക്കോപ്പ്

#കെ.ആർ. ബാബു
• മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്തുനിന്ന് പൊട്ടാതെകിടന്ന മരുന്നുനിറച്ച വെടിക്കോപ്പുകൾ നീക്കംചെയ്യുന്നു. 102 ഗുണ്ടുകളുൾപ്പെടെ 500 കിലോ വെടിക്കോപ്പുകളാണ് വെടിക്കെട്ട് വിദഗ്ധരുടെ സഹായത്തോടെ പോലീസ് എടുത്തു മാറ്റിയത് |ഫോട്ടോ: മനീഷ് ചേമഞ്ചേരി, മുണ്ടത്തിക്കോട് ദുരന്തമുണ്ടായ സമയം അറിയിച്ച് എല്ലാറ്റിനും തെളിവായി ഒരു ഘടികാരം അവിടെ അവശേഷിച്ചു. വെടിക്കോപ്പുനിർമാണശാലയിൽ തൊഴിലാളികൾ വസ്ത്രംമാറുന്ന മുറിക്കുപുറത്ത് തൂക്കിയ ക്ലോക്ക്. അത് നിലച്ചപ്പോൾ സമയം 3 മണി 25 മിനിറ്റ് 15 സെക്കൻഡ്.
• മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്തുനിന്ന് പൊട്ടാതെകിടന്ന മരുന്നുനിറച്ച വെടിക്കോപ്പുകൾ നീക്കംചെയ്യുന്നു. 102 ഗുണ്ടുകളുൾപ്പെടെ 500 കിലോ വെടിക്കോപ്പുകളാണ് വെടിക്കെട്ട് വിദഗ്ധരുടെ സഹായത്തോടെ പോലീസ് എടുത്തു മാറ്റിയത് |ഫോട്ടോ: മനീഷ് ചേമഞ്ചേരി, മുണ്ടത്തിക്കോട് ദുരന്തമുണ്ടായ സമയം അറിയിച്ച് എല്ലാറ്റിനും തെളിവായി ഒരു ഘടികാരം അവിടെ അവശേഷിച്ചു. വെടിക്കോപ്പുനിർമാണശാലയിൽ തൊഴിലാളികൾ വസ്ത്രംമാറുന്ന മുറിക്കുപുറത്ത് തൂക്കിയ ക്ലോക്ക്. അത് നിലച്ചപ്പോൾ സമയം 3 മണി 25 മിനിറ്റ് 15 സെക്കൻഡ്.

തൃശ്ശൂർ: മുണ്ടത്തിക്കോട് കുട്ടംകുളം പാടത്തെ വെടിക്കെട്ടുപുരയിൽ തീപടർന്നത് കരിമരുന്നുപുരയിൽനിന്നെന്ന് അപകടത്തിൽ രക്ഷപ്പെട്ടവരുടെ നിഗമനം. ഇവിടെനിന്ന് ഏതാനും അടിമാത്രം അകലത്തിൽ ഗുണ്ടുകളിൽ മരുന്ന് നിറച്ചിരുന്നവരുടെ അടുത്തേക്ക് തീപടരുകയും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പത്തിലേറെ പേർ ആദ്യസ്ഫോടനമുണ്ടായ സ്ഥലത്തുണ്ടായിരുന്നതായാണ് നിഗമനം. ഇവിടെയുണ്ടായിരുന്നവരുടെ ശരീരമാണ് ചിതറിയിട്ടുണ്ടാകുകയെന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നു.

കുട്ടംകുളം പള്ളിപ്പെരുന്നാളിന് ചൊവ്വാഴ്ച രാത്രി പൊട്ടിക്കാനുള്ള ഗുണ്ടുകളുടെയും ഡൈനകളുടെയും നിർമാണമാണ് വെടിക്കെട്ടുപുരയിൽ അതിവേഗം പുരോഗമിച്ചിരുന്നത്. മരുന്നുനിറച്ച് തിരിയിട്ടതും നിറയ്ക്കാൻ തയ്യാറെടുക്കുന്നതുമായ സാമഗ്രികളിലേക്ക് ആദ്യം തീപ്പടർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറയുന്നു.

കമ്പിത്തിരി കത്തുന്ന രീതിയിലുള്ള ശബ്ദമാണ് മരുന്നുപുരയിൽനിന്ന് ആദ്യമുണ്ടായത്. ഇതിനു സമീപത്ത് ചെറിയ ഗുണ്ടുകൾ നിറയ്ക്കുന്നവരുമുണ്ടായിരുന്നു. തീപ്പൊരിയുടെ ശബ്ദംകേട്ട്, ‘ഓടിക്കോ’യെന്ന് പറയുമ്പോഴേക്കും വലിയ ഗുണ്ടുകൾ നിറച്ചിരുന്നവരുടെ അടുത്തേക്ക് തീയെത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്തതായി രക്ഷപ്പെട്ടവർ പറഞ്ഞു.

ചെറിയ ഗുണ്ടുകൾ നിറച്ചിരുന്നവർ ശബ്ദംകേട്ട് ഓടിമാറി. ലൈസൻസിയായ സതീഷുൾപ്പെടെ എട്ടുപേരാണ് ഇവിടെയുണ്ടായിരുന്നത്. സതീഷിനും രാഗേഷിനും എഴുന്നേൽക്കാൻ കഴിയാതിരുന്നതാണ് ശക്തമായി പൊള്ളലേൽക്കാനിടയാക്കിയത്. ഓടി രക്ഷപ്പെടുന്നവരുടെ തലയ്ക്കു മുകളിലും ചുറ്റും ഡൈനകളും ഗുണ്ടുകളും പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു.

രക്ഷപ്പെടുന്നതിനിടയിൽ കോറ വന്നിടിച്ച് വീണുപോയവരുമുണ്ട്. ഓലപ്പടക്കമുണ്ടാക്കുകയും തിരി ഉണക്കുകയും മരുന്ന് ഇടിക്കുകയും ചെയ്യുന്നവർക്ക് രക്ഷപ്പെടാൻ ഏതാനും നിമിഷങ്ങൾ ലഭിച്ചിരുന്നു. പാടത്തേക്ക് ഓടിയിറങ്ങിയാണ് ഈ ഭാഗത്തുള്ളവർ രക്ഷപ്പെട്ടത്.

തൃശ്ശൂരിൽ വെടിക്കെട്ട് അപ​കടം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം. ഫോട്ടോ: ജെ.ഫിലിപ്പ്

ഉത്സവസ്ഥലങ്ങളിൽ പ്രത്യേക നിയന്ത്രണത്തോടെ പൊട്ടിക്കുന്ന സാമഗ്രികൾ ഒട്ടും നിയന്ത്രണമില്ലാതെ പൊട്ടിയതോടെ മരുന്നുപുരയ്ക്കും അടുത്തുള്ള ഷെഡ്ഡുകളിൽ സൂക്ഷിച്ചിരുന്ന വെടിക്കെട്ട് സാമഗ്രികളിലേക്കുമെല്ലാം അതിവേഗം തീപടർന്നു. ശക്തമായ വെളിച്ചത്തിൽ പലരുടെയും കാഴ്ചമങ്ങി. കേൾവിയെയും ബാധിച്ചു.

കണ്ടെത്തിയത് പൊട്ടാത്ത 500KG വെടിക്കോപ്പുകൾ

: സ്ഫോടനസ്ഥലത്തുനിന്ന് കണ്ടെത്തിയത് 500 കിലോഗ്രാമിലേറെ പൊട്ടാത്ത വെടിക്കോപ്പുകൾ. അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന മുറിയിൽ 15 ചാക്കുകളിലായി പൂട്ടിവെച്ചിരുന്ന 362 കിലോഗ്രം കരിമരുന്നും 50.9 കിലോഗ്രാം അലുമിനിയം പൗഡറും ഒരു കിലോഗ്രാം കരിമരുന്ന് ഗുളികയും ഇതിൽ ഉൾപ്പെടുന്നു. ഇതിനു പുറമെ, 100 കിലോഗ്രാമോളം വരുന്ന 96 ചെറിയ അമിട്ടും അഞ്ച് ഇടത്തരം ഗുണ്ടും ആറ് കളർ അമിട്ടും മൂന്ന് എൽ.ഇ.ഡി.യും പൊട്ടാത്ത നിലയിൽ കണ്ടെത്തി.

ഇവയെല്ലാം ഒരു പരിധിവരെ നിർവീര്യമാക്കി, വടക്കാഞ്ചേരിയിൽ പോലീസിന്റെ സുരക്ഷയിലേക്ക് മാറ്റി. കോടതിയുടെ അനുമതി നേടി പൂർണമായി നിർ‍വീര്യമാക്കും. വെടിക്കോപ്പു നിർമാണ വിദഗ്ധൻ വിജേഷ് പോലീസുകാർക്ക് സഹായിയായി പ്രവർത്തിച്ചു.

വെടിക്കെട്ടില്ല; പകിട്ടുകുറച്ച് പൂരം

: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർപ്പൂരത്തിൽ എല്ലാ വെടിക്കെട്ടുകളും ഒഴിവാക്കാൻ തീരുമാനം. ആഘോഷത്തിലും കുറവുണ്ടാകും.

കെഡാവർ നായകളെ ഉപയോഗിച്ചുള്ള തിരച്ചിൽ | Photo: ജെ. ഫിലിപ്

ഒന്നരമണിക്കൂറിലേറെ നീളാറുള്ള കുടമാറ്റം 15 മിനിറ്റിൽ ഒതുക്കും. പാറമേക്കാവ് ചമയപ്രദർശനം വെള്ളിയാഴ്ച ഉദ്ഘാടന പരിപാടികളില്ലാതെ നടക്കും. തിരുവമ്പാടി ചമയപ്രദർശനം ശനിയാഴ്ചത്തേക്ക് മാറ്റി. വെടിക്കെട്ടിനുപകരം ആചാരത്തിന്റെ ഭാഗമായി കതിന ഉപയോഗിക്കും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം.

Content Highlights: Fire started at the Mundathikode fireworks manufacturing shed during preparation for the church festival., Over 500kg of unexploded fireworks and raw materials recovered from the site., Thrissur Pooram festivities significantly scaled back following the tragedy., Firework displays at Thrissur Pooram cancelled; rituals to be performed with limited 'Kathina'., Safety procedures initiated to neutralize recovered explosives under police supervision.