മുനമ്പം; വി.ഡി സതീശന്റെ 10 മിനിറ്റ് വാഗ്ദാനം ഓർമിപ്പിച്ച് കത്തോലിക്കസഭ മുഖപത്രം

മുഖ്യമന്ത്രി വി.ഡി.സതീശന്‍
മുഖ്യമന്ത്രി വി.ഡി.സതീശന്‍

ആലപ്പുഴ: വഖഫിന്റെ ചെരിപ്പിനനുസരിച്ച് നീതിയുടെ കാലു മുറിക്കുമ്പോൾ ഇരകളെക്കാൾ വലിയ നിസ്സഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സർക്കാർ ആത്മപരിശോധന നടത്തണമെന്ന് കത്തോലിക്കസഭ മുഖപത്രമായ 'ദീപിക'. വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണം. അതുവരെ 10 മിനിറ്റ് വാഗ്ദാനമഴ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും. എങ്ങോട്ടും പോകില്ല- പത്രത്തിന്റെ തിങ്കളാഴ്ചത്തെ മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു.

അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്‌നമാണ് മുനമ്പത്തേതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞതിനാലാണ് ഇതോർമ്മിപ്പിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു.

മുഖപ്രസംഗത്തിന്റെ ചുരുക്കം: മുനമ്പം ഭൂമി വഖഫ് സ്വത്തായി പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല, മതേതര കേരളത്തെയാണ്. തീവ്രഹിന്ദുത്വത്തെ രാജ്യത്തു വളർത്തിയതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകും. ഇത്തരം കൈയേറ്റങ്ങൾ മേലാൽ സാധ്യമല്ലാത്തവിധം കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പക്ഷേ, അതിനുമുൻപ് ഈ നിയമത്തിൽപ്പെട്ടുപോയ മുനമ്പം നിവാസികളെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നുമില്ലായിരുന്നു. മുനമ്പത്തെ വേട്ട തുടരാൻ ബോർഡിന് അതു സഹായകമായി.

പിണറായി സർക്കാരും കുറെയൊക്കെ ശ്രമിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. മുനമ്പത്തെ ജനം പണംകൊടുത്തു വാങ്ങിയതും സ്ഥലംകൊടുത്ത ഫാറൂഖ് കോളേജ് അതു വഖഫ് ഭൂമിയല്ലെന്ന് ആണയിട്ടു പറയുകയും ചെയ്ത 404 ഏക്കർ സ്ഥലമാണ്, പുതിയ ഭേദഗതിയനുസരിച്ച് വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഉമീദ് പോർട്ടലിൽ ബോർഡ് രജിസ്റ്റർ ചെയ്തത്.

മതപ്രീണനത്തിനുവേണ്ടി കോൺഗ്രസ് പടച്ച ഒരു നിയമം മുനമ്പത്തുൾപ്പെടെ എത്ര മനുഷ്യരെയാണു വഴിയാധാരമാക്കിയത്? എത്ര സംസ്ഥാന സർക്കാരുകളുടെ കൈകാലുകളാണ് ബന്ധിച്ചത്? കേരളത്തിൽപ്പോലും എന്തു വർഗീയചിന്തകൾക്കാണ് അതു വളമിട്ടുകൊടുത്തത്? ഈ മതനിയമവാഴ്ചയ്ക്ക് അവസാനമില്ലേ? നീതിക്കുപോലും മതം തടസ്സമാണെന്നു വരുകയാണോ?- മുഖപ്രസംഗം കടുത്ത ഭാഷയിൽ ചോദിക്കുന്നു.

Content Highlights: Deepika editorial criticizes the government's inaction on the Munambam land crisis., The article recalls VD Satheesan's promise to resolve the issue in 10 minutes., Concerns raised over the registration of 404 acres of land on the Waqf portal., Impact on 610 families facing displacement due to Waqf claims., Critique of the existing Waqf Act and its implications for secularism in Kerala.