‘പാർട്ടിയും മുന്നണിയും ചതിച്ചു’;കേരള കോൺഗ്രസ് (എം)ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ രാജിവെച്ചു

കോഴിക്കോട്: കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു. സിൽക്ക് ചെയർമാൻകൂടിയായ മുഹമ്മദ് ഇഖ്ബാൽ കോൺഗ്രസിൽ ചേർന്നേക്കും. ഇത്തവണ കേരള കോൺഗ്രസ് എമ്മിന് കോഴിക്കോട് ജില്ലയിൽ ലഭിക്കുമെന്ന് കരുതിയ സീറ്റിൽ മത്സരിക്കുമെന്ന് കണക്ക് കൂട്ടിയിരുന്നു. എന്നാൽ സീറ്റ് ലഭിക്കാതെ വന്നതോടെയാണ് മുഹമ്മദ് ഇഖ്ബാൽ രാജിവെക്കുന്നത്. 13 സീറ്റ് ആവശ്യപ്പെട്ട കേരള കോൺഗ്രസ് എമ്മിന് ഇത്തവണ 12 സീറ്റ് മാത്രമേ ലഭിച്ചിരുന്നുള്ളൂ.
കഴിഞ്ഞതവണ കേരള കോൺഗ്രസ് എമ്മിന് നൽകിയ കുറ്റ്യാടി സീറ്റിൽ സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചത് മുഹമ്മദ് ഇഖ്ബാലിനെ ആയിരുന്നു. എന്നാൽ സിപിഎം പ്രാദേശിക എതിർപ്പിനെ തുടർന്ന് മാറിക്കൊടുത്തു. അതിന് പകരമായി ഇത്തവണ കുറ്റ്യാടി സീറ്റ് പേരാമ്പ്ര സീറ്റോ നൽകുമെന്ന് കഴിഞ്ഞതവണ സിപിഎം നേതൃത്വം ഉറപ്പു നൽകിയിരുന്നെന്നാണ് കേരള കോൺഗ്രസ് എം അവകാശപ്പെടുന്നത്. കുറ്റ്യാടി സീറ്റ് ലഭിക്കില്ലെന്ന് കണ്ടതോടെ പേരാമ്പ്രയിൽ ക്യാമ്പ് ചെയ്തു മുഹമ്മദ് ഇഖ്ബാൽ പ്രവർത്തനവും നടത്തിയിരുന്നു.
എന്നാൽ സിപിഎം സീറ്റ് വിട്ടുനൽകിയില്ല. ഇതോടെ കേരള കോൺഗ്രസ് എമ്മിന് 12 സീറ്റ് മാത്രം ലഭിക്കുകയും ചെയ്തു. പാർട്ടിയും മുന്നണിയും ചതി കാണിച്ചു എന്നാണ് മുഹമ്മദ് ഇഖ്ബാൽ പറയുന്നത്.2016ലും 2011ലും മുഹമ്മദ് ഇഖ്ബാൽ പേരാമ്പ്രയിൽ നിന്ന് മത്സരിച്ചിരുന്നു.
Content Highlights: Adv. Muhammed Iqbal resigns as Kerala Congress (M) General Secretary., Resignation follows denial of promised election seat