പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ മന്ത്രിമാർ തന്നിഷ്ടം കാണിക്കുന്നു; ലീഗ് മന്ത്രിമാർക്കെതിരെ MSF പ്രമേയം

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

മലപ്പുറം: മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മന്ത്രിമാർ നിയമനങ്ങളിൽ തന്നിഷ്ടം കാണിക്കുന്നുവെന്നും തങ്ങളെ പൂർണ്ണമായും അവഗണിക്കുന്നുവെന്നും ആരോപിച്ച് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു. ഭരണം ലഭിച്ചപ്പോൾ പാർട്ടിയുടെ വിദ്യാർഥി സംഘടനയായ എംഎസ്എഫിനെ പാടെ തഴയുന്ന മന്ത്രിമാരുടെ സ്വയംഭരണ പ്രവണതകൾക്കെതിരെ സംഘടന അമർഷം രേഖപ്പെടുത്തി.

മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏകപക്ഷീയമായ ഈ നടപടികൾ രാപ്പകലില്ലാതെ പാർട്ടിക്കായി പ്രവർത്തിക്കുന്ന അണികളോടും സംഘടനകളോടുമുള്ള വഞ്ചനയാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ പത്ത് വർഷക്കാലം ജയിൽവാസം അനുഭവിച്ചും ശാരീരിക മർദ്ദനങ്ങൾ ഏറ്റുവാങ്ങിയും സമരമുഖങ്ങളിൽ സജീവമായിരുന്ന പ്രവർത്തകരെ നിയമനങ്ങളിൽ നിന്ന് മനപ്പൂർവ്വം മാറ്റിനിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് എംഎസ്എഫിന്റെ നിലപാട്.

ലീഗ് മന്ത്രിമാരുടെ ഈ രീതിക്കെതിരെ നേരത്തെ യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. കോൺഗ്രസിലും സമാനമായ അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ലീഗിലാണ് ഇത് വലിയ തോതിലുള്ള പരസ്യ പ്രതിഷേധങ്ങളിലേക്കും സംഘടനാപരമായ നീക്കങ്ങളിലേക്കും വഴിമാറുന്നത്. മന്ത്രിമാരുടെ ഏകപക്ഷീയമായ നീക്കങ്ങൾ പാർട്ടിയിലെ വിവിധ ഘടകങ്ങൾക്കിടയിൽ വലിയ തോതിലുള്ള അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

Content Highlights: MSF Malappuram district committee protests against Muslim League ministers' unilateral personal staff appointments.