ലോകത്തെ ഏറ്റവുംവലിയ ചരക്കുകപ്പൽ വിഴിഞ്ഞം പുറംകടലിൽ, തീരത്തടുക്കാൻ കാത്തിരിപ്പ്; കപ്പിത്താൻ മലയാളി

വിഴിഞ്ഞം: ലോകത്തെ ഏറ്റവും ശേഷികൂടിയ ചരക്കുകപ്പലായ എംഎസ്സി ഐറിന ആദ്യമായി ഇന്ത്യന്‍ തീരത്തടുക്കാന്‍ വിഴിഞ്ഞത്തെത്തിയപ്പോള്‍ പുറംകടലില്‍ കപ്പല്‍ത്തിരക്ക്. ഐറിനയ്ക്കുപുറമേ ആറ് കപ്പലുകളാണ് അവസരംകാത്ത് വിഴിഞ്ഞം പുറംകടലില്‍ കിടക്കുന്നത്. എംഎസ്സിയുടെതന്നെ മോണിക്ക-3, ഷീന-5, ബ്രിഡ്ജ് പോര്‍ട്ട്, മിച്ചിഗന്‍-7, പാറ്റ്നാരീ-3, ക്ലമന്റിന-എഫ് എന്നീ കപ്പലുകളാണ് തുറമുഖത്ത് കയറുന്നതിനുള്ള അനുമതിക്കായി കാത്തിരിപ്പു തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബെര്‍ത്തിലടുപ്പിച്ച ദിയ-5, മില-3 എന്നീ ചരക്കുകപ്പലുകളും തുറമുഖം വിട്ടിട്ടില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞായറാഴ്ച ഉച്ചയോടെമാത്രമേ ഐറിനയ്ക്ക് ബെര്‍ത്തില്‍ പ്രവേശിക്കാനാവൂ എന്നാണ് തുറമുഖ അധികൃതര്‍ നല്‍കുന്ന വിവരം. നിലവില്‍ തുറമുഖത്തുനിന്ന് ഏകദേശം 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. 400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ള ഐറിന ഇപ്പോള്‍ 16.2 മീറ്റര്‍ ഡ്രൈഫ്റ്റി (ജലനിരപ്പില്‍നിന്ന് വെള്ളത്തിനടിയിലേക്കുള്ള കപ്പലിന്റെ ആഴം)ലാണ് നില്‍ക്കുന്നത്. 24,300 ടി.ഇ.യു. (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) ആണ് ശേഷി. സിങ്കപ്പൂരില്‍നിന്നാണ് ഐറിന വിഴിഞ്ഞത്തെത്തിയത്. ഇവിടെനിന്ന് സ്പെയിനിലേക്കാണ് പോകുന്നത്.
ഈ വരവില്‍ അഭിമാനം, ഒപ്പം ഭാഗ്യവും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തെ വമ്പന്‍ ചരക്കുകപ്പലിന്റെ കപ്പിത്താനായും (മാസ്റ്റര്‍) ആ കപ്പലിനെ ഇവിടെ അടുപ്പിക്കാനും അവസരം ലഭിച്ചത് മലയാളി എന്നനിലയില്‍ അഭിമാനത്തിനുപുറമേ ഭാഗ്യംകൂടിയായി താന്‍ കാണുന്നതായി ക്യാപ്റ്റന്‍ വില്ലി ആന്റണി പറഞ്ഞു. തൃശ്ശൂര്‍ പുറനാട്ടുക്കര പാലോക്കാരന്‍ വീട്ടിലെ പരേതനായ ആന്റണിയുടെയും ലില്ലിയുടെയും മകനാണ് വില്ലി ആന്റണി.
വിഴിഞ്ഞത്ത് വരുന്നുവെന്ന് നാട്ടിലുള്ള ഭാര്യ ഹില്‍ഡയെയും മകന്‍ ബെന്‍ഹെയ്ലിനെയും വിളിച്ചുപറഞ്ഞു. 'പപ്പ നമ്മുടെ നാട്ടിലും എത്തിയോ' എന്നുള്ള മകന്റെ ചോദ്യത്തില്‍ അതേടാ എന്നുപറഞ്ഞ് താന്‍ സന്തോഷം പങ്കുവെച്ചുവെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.
29 കൊല്ലമായി കപ്പലില്‍ ജോലികിട്ടിയിട്ട്. എംഎസ്സിയുടെ കപ്പല്‍ കമ്പനിയില്‍ കപ്പലിന്റെ അമരക്കാരനായിട്ട് 14 വര്‍ഷമായെന്ന് അദ്ദേഹം പറഞ്ഞു. താനുള്‍പ്പെടെ 35 പേരാണ് കപ്പലിലുള്ളത്. വിഴിഞ്ഞത്തിന്റെ സൗന്ദര്യം തൃശ്ശൂര്‍ക്കാരനായ എന്നെയും സ്വാധീനിച്ചുവെന്ന് വില്ലി ആന്റണി പറഞ്ഞു.
വിഴിഞ്ഞത്തിന് ചെക്പോസ്റ്റ് പദവിയില്ല; മലയാളി ക്യാപ്റ്റന്‍ കപ്പലില്‍ത്തന്നെ
തിരുവനന്തപുരം : എംഎസ്സി ഐറിന വിഴിഞ്ഞം തുറമുഖത്തെ ബെര്‍ത്തില്‍ പ്രവേശിക്കാന്‍ ഊഴംകാത്ത് പുറംകടലില്‍ ദിവസങ്ങളായി തുടരുമ്പോള്‍, അതിനെ നയിച്ച മലയാളിയായ ക്യാപ്റ്റനോ മറ്റു ജീവനക്കാര്‍ക്കോ കര സ്പര്‍ശിക്കാന്‍ അനുമതിയില്ല. എന്‍ജിന്‍ ഓഫാക്കി കടലില്‍ കപ്പല്‍ ഡ്രിഫ്റ്റ്(ഒഴുകിനടക്കുമ്പോള്‍) ചെയ്യുമ്പോള്‍ കപ്പിത്താനും മറ്റു ജീവനക്കാരും കപ്പലില്‍ത്തന്നെ തുടരേണ്ട അവസ്ഥയാണ്.
ക്രൂ ചേഞ്ച് നടത്തുന്നതിനുള്ള അനുമതി നല്‍കുന്ന ഇമിഗ്രേഷന്‍ ചെക്‌പോസ്റ്റ് സംവിധാനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇല്ലാത്തതിനാലാണ് ഇതിനു സാധിക്കാത്തത്. തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയും 35 ജീവനക്കാരുമാണ് കപ്പലിലുള്ളത്. തുറമുഖത്തിലെ സുരക്ഷാസൗകര്യങ്ങള്‍, പ്രവേശന നിയന്ത്രണം, അടിസ്ഥാനസൗകര്യങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ഡിവലപ്മെന്റ് കൗണ്‍സില്‍(ഐഎസ്ഡിഎസ്) സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിവിധഘടകങ്ങള്‍ പരിശോധിച്ചാണ് ഇമിഗ്രേഷന്‍ ചെക്പോസ്റ്റിന്(ഐസിപി സ്റ്റാറ്റസ്) അനുമതി ലഭിക്കുക. വിഴിഞ്ഞം പഴയ തുറമുഖത്തിന് കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020മുതല്‍ 2022വരെ ഇവിടെ താത്കാലികമായി ക്രൂചേഞ്ച് നടത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍, ഇത് പിന്നീട് പിന്‍വലിച്ചു.
ഷോര്‍ ലീവ് സംവിധാനം
കപ്പല്‍ തുറമുഖത്ത് നങ്കൂരമിടുമ്പോള്‍ കപ്പല്‍ ക്യാപ്റ്റനും മറ്റു ജീവനക്കാര്‍ക്കും കരയില്‍ ഇറങ്ങാന്‍ കഴിയുന്ന താത്കാലിക അനുമതിയാണ് ഷോര്‍ ലീവ് സംവിധാനം. രാവിലെ മുതല്‍ വൈകീട്ടു വരെയാണ് ഇതിന്റെ സമയം. അടിയന്തര ആവശ്യങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്.
Content Highlights: MSC Irina, the world`s largest container ship, arrives at Vizhinjam port, causing congestion