'അജിത്കുമാറിനെതിരെ കീഴുദ്യോഗസ്ഥൻ അന്വേഷണം നടത്തിയത് തെറ്റ്'; വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസില്‍ വിജിലന്‍സ് സ്വീകരിച്ച നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കണം. കീഴുദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എം.ആര്‍. അജിത്കുമാറിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അജിത്കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു. ഇക്കാര്യം വിജിലന്‍സ് വ്യക്തമാക്കണം. അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കില്‍ അത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.
കേസന്വേഷണം സംബന്ധിച്ച് വിജിലന്‍സ് സ്വീകരിച്ച നടപടിക്രമങ്ങളെല്ലാം വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതി വാങ്ങിയാണോ അന്വേഷണം നടത്തിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കണം. ചില നിയമപ്രശ്‌നങ്ങള്‍ കാണുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സിന്റെ വിശദീകരണം സ്വീകരിക്കുന്നതിനുവേണ്ടി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. വിജിലന്‍സിന്റെ മറുപടി ലഭിച്ചശേഷം അജിത്കുമാറിന്റെ ആവശ്യമനുസരിച്ച് സ്റ്റേയുടെ കാര്യത്തില്‍ ഹൈക്കോടതി ബുധനാഴ്ച തീരുമാനമെടുക്കും.
Content Highlights: Vigilance Investigation into M.R. Ajith Kumar's Assets Faces High Court Scrutiny