സസ്‌പെൻഷന് പിന്നാലെ MR അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം; ചുമതല യോഗേഷ് ഗുപ്തയ്ക്കെന്ന് സൂചന

തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താൻ സർക്കാർ. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന് നേതൃത്വം നൽകുക. അന്വേഷണ ചുമതല യോഗേഷ് ഗുപ്തയ്ക്ക് ലഭിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
ഇതേ കേസുമായി ബന്ധപ്പെട്ട് അജിത്ത് കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. സസ്‌പെൻഷൻ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം. ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ അജിത്ത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്നുള്ള ശുപാർശ ഉണ്ടായിരുന്നതായാണ് വിവരം.
ഈ മാസം 31-ന് അജിത്ത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. എന്നാൽ പുതിയ അന്വേഷണവും സസ്‌പെൻഷൻ നടപടികളും അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സസ്‌പെൻഷൻ നിലനിൽക്കുന്നതിനാൽ നിലവിൽ സ്ഥാനക്കയറ്റം പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. വകുപ്പുതല അന്വേഷണം പൂർത്തിയാകുന്നത് വരെ ഡിജിപി സ്ഥാനത്തേക്ക് മറ്റാരെയും പരിഗണിക്കേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചതായാണ് വിവരം.
ആലപ്പുഴയിൽ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. നടപടി എന്തുകൊണ്ട് വൈകുന്നു എന്ന ചോദ്യങ്ങൾക്കിടെയാണ് ഇപ്പോൾ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. അജിത്ത് കുമാറിന്റെ ഔദ്യോഗിക ഭാവി നിശ്ചയിക്കുന്നതിൽ വകുപ്പുതല അന്വേഷണം നിർണായകമാകും.
Content Highlights: Following his suspension over tampering with case records in the Alappuzha Navakerala Yatra assault case, the Kerala government has ordered a departmental inquiry against ADGP M.R. Ajith Kumar, likely to be headed by DGP-rank officer Yogesh Gupta, while halting his upcoming promotion to DGP rank.