എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി ദേശീയപുരസ്കാരവുമായി മാതൃഭൂമി; അഞ്ച് ലക്ഷം രൂപയും ഫലകവും

കോഴിക്കോട്: രാഷ്ട്രീയനേതാവും എഴുത്തുകാരനും മാതൃഭൂമി മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി മാതൃഭൂമി ദേശീയപുരസ്കാരം ഏര്‍പ്പെടുത്തുന്നു. പരിസ്ഥിതി, തത്ത്വചിന്ത, സാഹിത്യം, രാഷ്ട്രീയം, സാമൂഹികമനുഷ്യാവകാശ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്കിയ വ്യക്തികള്‍ക്കാണ് പുരസ്കാരം നല്‍കുക. ഫലകവും സാക്ഷ്യപത്രവും അഞ്ചുലക്ഷം രൂപയുമടങ്ങുന്ന 'എം.പി. വീരേന്ദ്രകുമാര്‍ മെമ്മോറിയല്‍ നാഷണല്‍ തോട്ട് ലീഡര്‍ഷിപ്പ് അവാര്‍ഡ്' എന്ന ഈ പുരസ്കാരം അദ്ദേഹത്തിന്റെ ഓര്‍മ്മദിവസമായ മേയ് 28-ന് സമ്മാനിക്കും.
രാജ്യത്തിന്റെ സുസ്ഥിരഭാവി മുന്‍നിര്‍ത്തി പരിസ്ഥിതിമേഖലയില്‍ പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കിയ വ്യക്തിക്കായിരിക്കും പ്രഥമ പുരസ്കാരം. പ്രൊഫ എം.കെ. സാനു, ജയറാം രമേഷ്, വന്ദന ശിവ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ കണ്ടെത്തുന്നത്.
രാംമനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണന്, എ.കെ.ജി. എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് വീരേന്ദ്രകുമാര്‍ രാഷ്ട്രീയത്തിലെത്തിയത്. തുടര്‍ന്ന് രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളില്‍ മുന്നണിപ്പോരാളിയായി മാറി. രാജ്യസഭയിലും ലോക്സഭയിലും കേരള നിയമസഭയിലും അംഗമായിട്ടുണ്ട്. ദേവഗൗഡ മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും ഐ.കെ. ഗുജ്റാള്‍ മന്ത്രിസഭയില്‍ തൊഴില്നഗരകാര്യവകുപ്പ് മന്ത്രിയുമായിരുന്നു. 1987ല്‍ സംസ്ഥാനത്ത് മന്ത്രിയായി.
താന്‍ സഞ്ചരിച്ച 56 രാജ്യങ്ങളുടെ സംസ്കൃതിയില്‍ നിന്ന് ആര്‍ജിച്ചെടുത്ത ഉള്‍വെളിച്ചം അദ്ദേഹത്തെ എന്നും നവീകരിച്ചുകൊണ്ടിരുന്നു. സഞ്ചാരസാഹിത്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരള സാഹിത്യഅക്കാദമി അവാര്‍ഡും നേടിയ ഒരേയൊരു സാഹിത്യകാരനാണ് പതിനെട്ട് പുസ്തകങ്ങള്‍ക്ക് ജീവന് നല്കിയ വീരേന്ദ്രകുമാര്‍. മൂര്‍ത്തീദേവി പുരസ്കാരമടക്കം നൂറിലധികം ബഹുമതികള്‍ തേടിയെത്തി.
രണ്ട് എഡിഷനില്‍നിന്ന് മാതൃഭൂമിയെ 14 എഡിഷനുള്ള പത്രമായും ഒന്‍പത് ആനുകാലികങ്ങളും ടിവി ചാനലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും എഫ്.എം. റേഡിയോയും ഇവന്റ്സ് വിഭാഗവുമുള്ള മാധ്യമ മഹാവൃക്ഷമാക്കിയും മാറ്റിയത് നാലുപതിറ്റാണ്ടുനീണ്ട വീരേന്ദ്രകുമാറിന്റെ നേതൃത്വമാണ്. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ പ്രസിഡന്റായും പി.ടി.ഐ. ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: mp veerendra kumar memorial award