കെ. ശങ്കരനാരായണൻ പുരസ്കാരം എം.പി. സൂര്യദാസിന്

മുംബൈ: മുൻ ധനകാര്യ വകുപ്പ് മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര ഗവർണ്ണറുമായിരുന്ന കെ. ശങ്കരനാരായണൻ്റെ സ്മരണാർത്ഥം മുംബൈ വാശി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കെ. ശങ്കരനാരായണൻ ഫൗണ്ടേഷൻ്റെ ശങ്കരനാരായണൻ സ്മാരക പുരസ്കാരത്തിന് പ്രമുഖ പത്രപ്രവർത്തകനും മാതൃഭൂമി ന്യൂസ് എഡിറ്ററുമായ എം.പി. സൂര്യദാസ് തിരഞ്ഞെടുക്കപ്പെട്ടു. 50,001 രൂപയും മൊമൻ്റോയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
എം.പി. സൂര്യദാസ് രചിച്ച, മികച്ച പാർലമെൻ്റേറിയനും നാലു പതിറ്റാണ്ടു കാലം ദേശീയ രാഷ്ട്രീയത്തിലെ നിറസാന്നിധ്യവുമായിരുന്ന മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ ജീവചരിത്രമായ 'ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി' എന്ന പുസ്തകത്തിനാണ് അവാർഡ്. ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻസിങ് വരെയുള്ള പ്രധാനമന്ത്രിമാരുമായും ഈ കാലഘട്ടത്തിലെ ഒട്ടേറെ ദേശീയ നേതാക്കളുമായും ഉള്ള ഉണ്ണികൃഷ്ണൻ്റെ സംഭവബഹുലമായ ജീവിതയാത്ര തുറന്നുകാട്ടുന്ന ഈ പുസ്തകം ആധുനിക ഇന്ത്യൻ രാഷ്ട്രീയ ചരിത്രം കൂടിയാണെന്ന് അവാർഡ് നിർണയ കമ്മിറ്റി വിലയിരുത്തി.
പ്രഫ. വി. വേണുഗോപാൽ, ഡോ ഇ.കെ. ഗോവിന്ദവർമ രാജ, പ്രഫ. വർഗീസ് മാത്യു എന്നിവരായിരുന്നു അവാർഡ് നിർണയ കമ്മിറ്റി. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും അറിയപ്പെടുന്ന മാധ്യമപ്രവർത്തകനുമായ സൂര്യദാസ് മാതൃഭൂമിയുടെ കോഴിക്കോട് ഹെഡ് ഓഫീസിൽ ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുകയാണ്. മികച്ച മാധ്യമ പ്രവർത്തകനുള്ള ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
നവംബർ അവസാന വാരത്തിൽ കോഴിക്കോട്, ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ശങ്കരനാരായണൻ അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികളായ എൻ.കെ. ഭൂപേഷ് ബാബു, ലയൺ കുമാരൻനായർ, ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ ഭാരവാഹികളായ എം.വി കുഞ്ഞാമു, ആറ്റക്കോയ പള്ളിക്കണ്ടി, എ.വി ഫർദിസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Content Highlights: Mathrubhumi News Editor M.P. Suryadas wins the K. Sankaranarayanan Memorial Award., The award is given for his book 'Indraprasthathile Rashtreeyasanchari', a biography of K.P. Unnikrishnan., The award carries a cash prize of Rs 50,001, a memento, and a citation., The award ceremony will be held in Kozhikode during the last week of November.