ഗുണ്ടാനേതാവിന്റെ കൊലപാതകം: പ്രതികള്‍ വലിച്ചെറിഞ്ഞ വാക്കത്തി കനാലില്‍നിന്ന് കണ്ടെടുത്തു

മൂലമറ്റം (ഇടുക്കി): കൊലക്കേസ് പ്രതി മേലുകാവില്‍ പാറശേരില്‍ സാജന്‍ സാമുവലി(47)നെ കൊല്ലാനും ശരീരഭാഗങ്ങള്‍ വെട്ടി നീക്കാനുമായി പ്രതികള്‍ ഉപയോഗിച്ച വാക്കത്തി മൂലമറ്റത്തെ കനാലില്‍നിന്ന് അഗ്‌നിരക്ഷാസേന കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ 11.30-ഓടെ കണ്ടെത്തിയ ആയുധം പോലീസിന് കൈമാറി.
പിടിയിലായ പ്രതികള്‍ വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞെന്ന് പോലീസിന് മൊഴിനല്‍കിയിരുന്നു. ഇതനുസരിച്ചാണ് കാഞ്ഞാര്‍ പോലീസ് മൂലമറ്റം അഗ്‌നിരക്ഷാസേനയുടെ സഹായം തേടിയത്. രാവിലെ പത്തേകാലോടെ തിരച്ചില്‍ തുടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ ആയുധം കണ്ടെത്തി. കാഞ്ഞാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാര്‍, എസ്.ഐ.ബൈജു പി.ബാബു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു തിരച്ചില്‍. മൃതദേഹം തള്ളിയതിന് എതിര്‍വശത്തെ കനല്‍ ഭാഗത്തായിരുന്നു വാക്കത്തികിടന്നത്.
തിരച്ചില്‍ എളുപ്പമാക്കുന്നതിന് വൈദ്യുതോത്പാദനം നിയന്ത്രിച്ച് കനാലിലെ ജലമൊഴുക്ക് കുറയ്ക്കണമെന്ന് ചൂണിക്കാട്ടി അഗ്‌നിരക്ഷാസേന വൈദ്യുതി ബോര്‍ഡിന് കത്തുനല്‍കിയിരുന്നു. ഇതനുസരിച്ച് ജലനിരപ്പ് താഴ്ത്തിയിരുന്നു. മൂലമറ്റം അഗ്‌നിരക്ഷാസേനയുടെ ചീഫ് ഓഫീസര്‍ പി.കെ.അബ്ദുള്‍ അസീസിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ജിന്‍സ് മാത്യു, എല്‍ദോസ് മാത്യു, ഷിന്റോ ജോസ്, എസ്.ആര്‍.അരവിന്ദ്, കെ.പി.പ്രവീണ്‍, പി.ആര്‍.ദിനേഷ്, ജിബി വരമ്പനാട്ട്, എം.ബി.സിജു എന്നിവരാണ് തിരച്ചില്‍ നടത്തിയത്.
ജനുവരി 29-നാണ് സാജനെ കൊന്നത്. രണ്ടാം തീയതി മൂലമറ്റം തേക്കിന്‍കൂപ്പിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഒരു ഓട്ടോഡ്രൈവര്‍ നല്‍കിയ വിവരമാണ് കൊലപാതകത്തിന് തുമ്പുണ്ടാക്കിയത്. ഇതുവരെ എട്ട് പ്രതികള്‍ അറസ്റ്റിലായി.
Content Highlights: moolamattam sajan samuel murder weapon seized from canal