മത്സ്യങ്ങളുടെ 'മുട്ടയിടൽ' കാലം ചെറുമീനുകളെ പിടിച്ചാൽ ആറുമാസം തടവ്

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കാക്കനാട്: മൺസൂൺ കാലത്ത് ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യസമ്പത്തിന് വലിയ ഭീഷണി ഉയർത്തുന്ന ചെറുമീനുകളെ പിടിക്കുന്നതിനെതിരേ നടപടികൾ കർശനമാക്കി ഫിഷറീസ് വകുപ്പ്. ജൂൺ, ജൂലായ് മാസങ്ങളിൽ നടക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിനായി ജില്ലയിലുടനീളം വകുപ്പിന്റെ പ്രത്യേക പട്രോളിങ് സംഘം പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ നിയമപ്രകാരമാണ് മത്സ്യങ്ങളുടെ മുട്ടയിടൽ കാലത്തെ ചെറുമീൻപിടിത്തം പൂർണമായി നിരോധിച്ചിരിക്കുന്നത്.

നിയമലംഘകർക്ക് കടുത്ത ശിക്ഷ

മൺസൂൺ ആരംഭിക്കുന്നതോടെ മത്സ്യങ്ങൾ മുട്ടയിടാനായി ഒഴുക്കിനെതിരേ നീന്തുന്ന സമയമാണിത്. ഈ ഘട്ടത്തിൽ വെള്ളമൊഴുകുന്ന വഴിയിൽ തടസ്സം വരുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുന്നത് ജലാശയങ്ങളിലെ മത്സ്യവംശനാശത്തിന് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

നിയമം ലംഘിച്ച് മീനുകളെ പിടിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷാനടപടികളാണ് കാത്തിരിക്കുന്നത്. ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ജില്ലയിലെ ജലാശയങ്ങളിൽ എവിടെയെങ്കിലും നിയമവിരുദ്ധമായി മീൻപിടിത്തം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരമറിയിക്കാം. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ തൊട്ടടുത്തുള്ള മത്സ്യഭവനുകളിലോ ആണ് വിവരങ്ങൾ കൈമാറേണ്ടതെന്ന് അധികൃതർ അറിയിച്ചു.

നിരോധിച്ച പ്രധാന മത്സ്യബന്ധന രീതികൾ

* അടക്കംകൊല്ലി വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം.

* 20 മില്ലീമീറ്ററിൽ കുറഞ്ഞ കണ്ണിവലുപ്പമുള്ള വലകളുടെ ഉപയോഗം.

* ജലാശയങ്ങളിൽ വൈദ്യുതി കടത്തിവിട്ടുള്ള മത്സ്യബന്ധനം.

* തോട്ട പൊട്ടിക്കൽ, തണ്ണീർത്തടങ്ങളിൽ വിഷം കലക്കൽ എന്നിവ.

Content Highlights: Caught fishing during the monsoon breeding season? Kerala Fisheries Dept warns of 6-month jail and fines.