സര്‍ക്കാര്‍ അതിഥികളായി തലസ്ഥാനത്ത്; ഹരിതകർമ സേനാംഗങ്ങള്‍ക്ക് മണ്‍സൂണ്‍ ബംപർ സമ്മാനത്തുക കൈമാറി

#സ്വന്തം ലേഖകന്‍
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ സമ്മാനം കൈപ്പറ്റുന്നു | Photo: mathrubhumi.com
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ സമ്മാനം കൈപ്പറ്റുന്നു | Photo: mathrubhumi.com

തിരുവനന്തപുരം: മണ്‍സൂണ്‍ ബംപർ നേടിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഇത്തവണ ഓണം സന്തോഷത്തിന്റേതാണ്. ബംപർ തുകയായ പത്ത് കോടി രൂപ സര്‍ക്കാര്‍ ഓണസമ്മാനമായി കൈമാറി. ആദ്യമായാണ് ലോട്ടറി ജേതാക്കളെ ക്ഷണിച്ചുവരുത്തി സര്‍ക്കാര്‍ സമ്മാനം കൈമാറുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനമടിക്കാനായി ജേതാക്കള്‍ ഇത്തവണത്തെ ഓണം ബംപറിലും ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.

പരപ്പനങ്ങാടിയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ ലീലയും കൂട്ടുകാരായ പത്തുപേരും ഇന്നലെതന്നെ തലസ്ഥാനത്തെത്തി. മണ്‍സൂണ്‍ ബംപറിലൂടെ കോടിപതികളായിട്ടാണ് സര്‍ക്കാരിന്റെ അതിഥികളായുള്ള ഈ വരവ്. നമ്മുടെ പരിസരം ശുചിയാക്കാന്‍ പ്രയത്നിക്കുന്ന അമ്മമാര്‍ക്ക് ലഭിച്ച സമ്മാനതുക കൈമാറിയ വേദി അവര്‍ക്കുള്ള ആദരവ് കൂടിയായി മാറി. 

നറുക്കെടുപ്പ് നടന്ന വേദിയില്‍ തന്നെയാണ് തുകയും സമ്മാനിച്ചത്. പത്ത് കോടി രൂപ അവരെ തേടിയെത്തിയ നറുക്കെടുപ്പ് ദൃശ്യങ്ങള്‍ അവര്‍ക്കായി വേദിയില്‍ പ്രദര്‍ശിച്ചിച്ചു. സന്തോഷം സമ്മാനിച്ച ദൈവത്തിനും സര്‍ക്കാരിനും നന്ദിയെന്ന് സമ്മാനാർഹരിൽ ഒരാളായ ലീല പറഞ്ഞു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങൾ ചടങ്ങില്‍ പങ്കെടുത്ത തദ്ദേശമന്ത്രിയുമായി അവര്‍ പങ്കിട്ടു. 

സന്തോഷത്തിന്റെ മുഹൂര്‍ത്തത്തിലും വന്നവഴി ഹരിത കര്‍മ്മസേനാംഗങ്ങള്‍ മറക്കുന്നില്ല. കേരള ലോട്ടറിയ്ക്ക് സമ്മാനം കിട്ടുന്നില്ലെന്ന പ്രചാരണത്തിന് മറുപടിയാണ് ഇതെന്ന് ഹര്‍തികര്‍മ്മ സേനാംഗങ്ങളും ധനമന്ത്രിയും ഭാഗ്യം പരീക്ഷിക്കുന്നവരോട് പറയുന്നു.

Content Highlights: monsoon bumper haritha karma sena first prize handover