കുണ്ടന്നൂരില്‍ നടന്നതെന്ത്, സൈജു വിളിച്ചത് ആരെ?; വിശദമായി അന്വേഷിക്കണം- അഞ്ജനയുടെ കുടുംബം

കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മരണപ്പെട്ട അഞ്ജനയുടെ കുടുംബം. ഹോട്ടലില്‍നിന്ന് ഇറങ്ങുന്നതുവരെ അഞ്ജനയ്ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നു. എന്നാല്‍ യാത്രാമധ്യേ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ വെച്ച് എന്തോ സംഭവിച്ചു. ഇതെന്താണെന്ന് കണ്ടെത്തണമെന്നും അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സഹോദരി പൂര്‍ണ സന്തോഷവതിയാണെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വളരെ സന്തോഷമായിട്ടാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയത്. യാതൊരു ടെന്‍ഷനും അവളുടെ മുഖത്തില്ലായിരുന്നു. എന്നാല്‍ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ എന്തോ സംഭവിച്ചു. കാര്‍ നിര്‍ത്തി സംസാരിക്കുന്നതെല്ലാം ദൃശ്യങ്ങളിലുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അജ്ഞനയുടെ കുടുംബം എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.
നേരത്തെയും അഞ്ജനയ്ക്ക് ഭീഷണികളൊന്നും ഉണ്ടായിരുന്നില്ല. ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ ഔഡി കാര്‍ ഓടിച്ച സൈജുവിന്റെയും ഹോട്ടല്‍ ഉടമയായ റോയിയുടെയും പങ്ക് വിശദമായി അന്വേഷിക്കണം. സൈജു ആരുടെ നിര്‍ദേശപ്രകാരമാണ് അവിടെയെത്തിയതെന്നും ആര്‍ക്കാണ് ഫോണ്‍ ചെയ്തതെന്നും കണ്ടെത്തണം. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണത്തിനായാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതെന്നും അര്‍ജുന്‍ പറഞ്ഞു.
കേസില്‍ നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമാണ്. എന്നാല്‍ ചില സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കേസില്‍ സൈജുവിനും റോയിക്കുമെതിരേ നിലവില്‍ പരാതികളൊന്നുമില്ല. തെളിവ് നശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോഴുണ്ടായ സംശയത്താലാണ് ഇവര്‍ക്കെതിരേയ പരാതി നല്‍കണമെന്ന് തോന്നിയെന്നും അര്‍ജുന്‍ പറഞ്ഞു.
content highlights: models death case, Anjana's family wants detailed investigation
Content Highlights: