മനുഷ്യജീവന് പാരയാണെങ്കിൽ വന്യജീവികളെ കൊല്ലണം, വനംമന്ത്രിക്ക് വിവരമില്ല- എം.എം മണി

#ന്യൂസ് ഡെസ്ക്
എം.എം മണി / ഫോട്ടോ: ജി. ബിനുലാല്‍
എം.എം മണി / ഫോട്ടോ: ജി. ബിനുലാല്‍

ഇടുക്കി: മനുഷ്യജീവിതത്തിന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നേരിടണമെന്നും അവയെ കൊല്ലുന്നതിൽ തെറ്റില്ലെന്നും വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം എം മണി. വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത വനംവകുപ്പിനെയും മന്ത്രി ഷിബു ബേബി ജോണിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പുതിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് വിഷയത്തിൽ ഒരു വിവരവുമില്ലെന്ന് മണി ആരോപിച്ചു. വന്യജീവി ആക്രമണത്തിന് 'ഒറ്റമൂലി' ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് എംഎം മണിയുടെ പരാമർശം.

മനുഷ്യജീവിതത്തിന് പാരയായി നിൽക്കുന്ന ഏത് മൃഗങ്ങളെയും നേരിടുക വേണമെന്നും ഒരു വഴിയുമില്ലെങ്കിൽ അവയെ കൊന്നുകളയുന്നതിൽ തെറ്റില്ലെന്നുമാണ് തന്റെ അഭിപ്രായമെന്ന് എം എം മണി പറഞ്ഞു. ഹൈറേഞ്ച് മേഖലയിൽ തങ്ങൾ പണ്ട് മുതൽക്കേ വന്യമൃഗങ്ങളെ നേരിട്ടാണ് വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടുക്കി ജില്ലയിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ വന്യജീവി ആക്രമണം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് മണിയുടെ ഈ പ്രതികരണം. കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് സിപിഎം തീരുമാനം.