ഹിന്ദി 25 പ്രാദേശിക ഭാഷകളെ വിഴുങ്ങി, മാതൃഭാഷകളെ കൊല്ലുന്നു- എം കെ സ്റ്റാലിന്‍

എം.കെ.സ്റ്റാലിൻ | ഫോട്ടോ: AFP
എം.കെ.സ്റ്റാലിൻ | ഫോട്ടോ: AFP

ചെന്നൈ: ഹിന്ദി ഭാഷാ വിമര്‍ശനം കടുപ്പിച്ചു തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹിന്ദി അടിച്ചേല്‍പ്പിച്ചതിന്റെ ഫലമായി ഉത്തരേന്ത്യയിലെ 25 പ്രദേശിക ഭാഷകള്‍ നശിച്ചുവെന്നും സ്റ്റാലിന്‍ കുറിച്ചു. ഉത്തര്‍പ്രദേശിലും ബീഹാറിലുമെല്ലാം ഒരിക്കലും 'ഹിന്ദി മാതൃഭാഷയായിരുന്നില്ല. അവരുടെ യഥാര്‍ത്ഥ ഭാഷകള്‍ ഇപ്പോള്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. യു.പിയും ബിഹാറും ഹിന്ദി ഹൃദയഭൂമിയല്ല. ഹിന്ദി അടിച്ചേല്‍പ്പിച്ചത് മൂലം ഇവിടത്തെ ഒരുപാട് പ്രാദേശിക ഭാഷകള്‍ തകര്‍ന്നു. ഭോജ്പൂരി, മൈഥിലി, അവധി, ബ്രാജ്, ബുന്ദേയി, ഗര്‍വാലി, കുമനോയ് മാര്‍വാടി തുടങ്ങിയ നിരവധി ഉത്തരേന്ത്യന്‍ ഭാഷകളെ ഹിന്ദി വിഴുങ്ങി. അവയുടെ അവശിഷ്ടങ്ങളേ ഇന്ന് ബാക്കിയുള്ളൂ. ഹിന്ദിയെന്ന ഒറ്റഭാഷ അടിച്ചേല്‍പ്പിച്ചതു വഴി മറ്റ് മാതൃഭാഷകള്‍ നശിക്കുകയായിരുന്നു-  സ്റ്റാലിന്‍ പറഞ്ഞു.

ദേശീയ വിദ്യാഭ്യാനയം നയത്തിലൂടെ ഹിന്ദിയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും യാതൊരു കാരണവശാലും അംഗീകരിക്കില്ല എന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്‌നാട്ടില്‍ നടപ്പിലാക്കില്ല. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ എന്നതില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങള്‍ ഇതിലുണ്ട്. ഒരു ഭാഷയേയും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. പക്ഷെ അത് അടിച്ചേല്‍പ്പിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കും. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം മാത്രമല്ല, മറ്റുപല കാരണങ്ങളാലും ഞങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്നു. എന്‍ഇപി പിന്തിരിപ്പനാണ്. ഇത് വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ നിന്ന് അകറ്റും - സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ഒരു പൊതുചടങ്ങില്‍ പറഞ്ഞു. 

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് തമിഴ്‌നാട്ടില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിലാക്കിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന് നല്‍കി വരുന്ന 2000 കോടി രൂപ തടഞ്ഞുവെക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഭീഷണിപ്പെടുത്തി എന്ന് പരാതിപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഡി.എം.കെയുടെ ഹിന്ദി വിമര്‍ശനമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 2026ലെ തെരഞ്ഞെടുപ്പിന് മുമ്പ് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഉണ്ടാക്കുന്നതിനായി തമിഴ് രാഷ്ട്രീയനേതാക്കള്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നുവെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം.

Content Highlights: MK Stalin Slams Centre Over NEP Row: 'Will Oppose Hindi Imposition'