10-ൽ എല്ലാത്തിലും A+, പ്ലസ് വണ്‍ ഫലം മോശമാകുമോയെന്ന് ഭയം; പിറവത്തുനിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

പ്രതീകാത്മക ചിത്രം | ഫോട്ടോ: MetaAI
പ്രതീകാത്മക ചിത്രം | ഫോട്ടോ: MetaAI

കൊച്ചി: പിറവം ഓണക്കൂറില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കോയമ്പത്തൂരില്‍നിന്ന് കണ്ടെത്തി. പ്ലസ് വണ്‍ 
പരീക്ഷാ ഫലം പേടിച്ചാണ് നാടുവിട്ടതെന്നാണ് കുട്ടി പോലീസിന് നല്‍കിയ മൊഴി. കോയമ്പത്തൂരില്‍നിന്ന് തിരികെ കൊച്ചിയിലെത്തിച്ച കുട്ടിയെ കാക്കനാട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയശേഷം വീട്ടുകാരോടൊപ്പം വിട്ടു. ഞായറാഴ്ച രാവിലെയോടെയാണ് കുട്ടിയെ കൊച്ചിയിലെത്തിച്ചത്. 

ജൂണ്‍ രണ്ടിന് രാവിലെ എട്ടരയോടെ വീട്ടില്‍നിന്നിറങ്ങിയ വിദ്യാര്‍ഥിയെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ രാവിലെ ഓണക്കൂര്‍ കരയോഗപ്പടിയിലേക്ക് കുട്ടി വരുന്ന ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ ക്യാമറയില്‍നിന്ന് കിട്ടിയിരുന്നു. കുട്ടി സ്‌കൂളിലേക്കു പോകാനായി കരയോഗപ്പടിയിലെ കടവരാന്തയില്‍ ബസ് കാത്തു നില്‍ക്കുന്നതും കണ്ടവരുണ്ടായിരുന്നു.

സ്‌കൂള്‍ തുറന്ന ജൂണ്‍ രണ്ടിനായിരുന്നു ഒന്നാം വര്‍ഷ ഫല പ്രഖ്യാപനം. പരീക്ഷയില്‍ മാര്‍ക്ക് കുറയുമോയെന്ന് പേടിച്ചാണ് കുട്ടി നാടുവിട്ട് പോയതെന്നാണ് മൊഴി. യൂണിഫോം മാറ്റി, കറുത്ത പാന്റ്സും കറുത്ത ടീഷര്‍ട്ടും ധരിച്ചാണ് കുട്ടി പോയത്. ഓണക്കൂറില്‍നിന്ന് കോയമ്പത്തൂരിലെത്തിയ കുട്ടി ഒരേ വസ്ത്രംതന്നെ ധരിച്ച് നാലഞ്ച് ദിവസത്തോളം ഒരേ കടയില്‍ത്തന്നെ ഭക്ഷണം കഴിക്കാനായി ചെന്നപ്പോള്‍ സംശയം തോന്നിയ കടയുടമ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിയുകയും പിന്നാലെ വീട്ടിലേയ്ക്ക് വിളിച്ചറിയിക്കുകയുമായിരുന്നു.

Content Highlights: plus two student missing from Kochi`s Onakkoor was found in Coimbatore