കളമശേരിയിലെ അജ്ഞാത മൃതദേഹം സൂരജ് ലാമയുടേതെന്ന് സംശയം; മകനെ വിളിപ്പിച്ചു, ഒരുമാസം പഴക്കം

കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കാണാതായ കുവൈത്തിൽ റസ്റ്ററന്റുകളുടെ ഉടമയായ സൂരജ് ലാമയുടേതാണെന്ന് സംശയം. മൃതദേഹത്തിന് ഒരുമാസത്തോളം പഴക്കമുണ്ട്. സൂരജ് ലാമയുടെ മകനോട് കൊച്ചിയിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആളൊഴിഞ്ഞ ഭാഗത്തായാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുള്ളതിനാൽ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്.
മൃതദേഹം സൂരജ് ലാമയുടേതാണെന്ന് സംശയമുണ്ട്. ഇതേത്തുടർന്ന് മകൻ സാന്റോൺ ലാമയോട് കൊച്ചിയിൽ എത്താനാവശ്യപ്പെട്ടിട്ടുണ്ടെന്ന് ആലുവ ഡിവൈഎസ്പി പ്രദീപ് പറഞ്ഞു. ഹൈക്കോടതിയുടെ നിർദേശപ്രകാരം വിശദമായ പരിശോധന ഈ മേഖലയിൽ നടത്തിയിരുന്നു. ഇതിനിടയിൽ ആണ് മൃതദേഹം കണ്ടെത്തുന്നത്.
കൊൽക്കത്തയിൽ വേരുകളുള്ള ലാമ വർഷങ്ങൾക്കു മുൻപ് ബെംഗളൂരുവിലെത്തിയതാണ്. അതിനിടയിലാണ് കുവൈത്തിലേക്ക് ബിസിനസിനായി പോയത്. കുവൈത്തിൽ നാല് റസ്റ്ററന്റുകളുടെ ഉടമയാണ് സൂരജ്. സെപ്റ്റംബർ അഞ്ചിന് കുവൈത്തിൽ വെച്ച് കുഴഞ്ഞുവീണു. പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം ജീവൻ തിരിച്ചു കിട്ടിയെങ്കിലും ഓർമ്മ പൂർണമായും മറഞ്ഞു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി കുവൈത്തിൽനിന്ന് ഒക്ടോബർ നാലിന് നാടുകടത്തുകയായിരുന്നു. ബെംഗളൂരുവിന് പകരം കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. ഓർമ്മയില്ലാത്തയാളെ അയക്കുന്നത് കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയിച്ചിരുന്നില്ല.
തുടർന്ന് മകൻ സാന്റോൺ ലാമ കേരളത്തിലെത്തുകയും പിതാവിനായി തിരച്ചിൽ നടത്തുന്നതും വാർത്തകളായിരുന്നു. കളമശ്ശേരി ഭാഗത്ത് സൂരജ് ലാമ എത്തിയിരുന്നതായി സാന്റോൺ ലാമ കണ്ടെത്തിയിരുന്നു. ഇതേ ഭാഗത്ത് നിന്നാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
സൂരജ് ലാമയാണോ എന്ന കാര്യം ഉറപ്പിച്ചിട്ടില്ല. ചില സംശയത്തിന്റെ പശ്ചാത്തലത്തിലാണ് മകൻ സാന്റോൺ ലാമയെ വിളിപ്പിച്ചിരിക്കുന്നത്. പരിശോധനകൾ ആവശ്യമായി വരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശാസ്ത്രീയ പരിശോധനൾക്ക് ശേഷം മാത്രമേ സൂരജ് ലാമയാണോ എന്ന കാര്യം വ്യക്തമാകൂ.
Content Highlights: Kalamassery Body Discovery: Suspected Match to Missing Businessman Suraj Lama